കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകളിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടയിൽ പോലീസ് പിടിയിലായത് 108 ഇതര സംസ്ഥാനക്കാർ. 74 കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദീർഘദൂര ട്രെയിനുകളിൽ കടത്തി കൊണ്ട് വന്ന മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്ത് 26 കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് ലഹരി കടത്തുന്ന സംഘങ്ങളെ കണ്ടെത്തുന്നതിനായി ഡാൻസാഫ് സംഘം നടത്തിയ ലഹരി വേട്ടയിൽ ഒമ്പതു മാസത്തിനിടെ 149 പേരാണ് അറസ്റ്റിലായത്. 111 കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് ലഹരിമരുന്നുകൾ കൂടുതലായും എത്തുന്നത്. പോലീസ് പിടി കൂടുന്നതിൽ ഏറെയും കഞ്ചാവാണ്.
പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തുന്നത്. അവിടെ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച് വൻ തുകയ്ക്കാണ് വില്പന. ബംഗളൂരു, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് പഴം, പച്ചക്കറി ലോറികളിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളും അടുത്തിടെ പോലീസ് പിടിയിലായി.
കഴിഞ്ഞ മാർച്ചിൽ കളമശേരി ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ വൻ തോതിൽ കഞ്ചാവ് പിടി കൂടിയിരുന്നു.
വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇതര സംസ്ഥാനക്കാരായിരുന്നു. ഡാൻസാഫ് സംഘം നടത്തിയ ലഹരി വേട്ടയാണ് നടൻ ഷൈൻ ടോം ചാക്കോ, റാപ്പർ വേടൻ എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ചതും.
- സീമ മോഹൻലാൽ

