ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിൽ പോലീസുകാരൻ ജീവനൊടുക്കി. സിറ്റി പോലീസിലെ സെന്തിൾ (40) ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചെന്നൈയിലെ താരാമണി എംആർടിഎസ് റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. വകുതല നടപടിയിൽ ഭയന്നായിരിക്കാം ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുണ്ട്.
നാഗപട്ടണം സ്വദേശിയായ സെന്തിൾ താരാമണി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആണ്. ആലന്തൂരിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സെന്തിൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ഇയാൾ മധുവൻകരൈ ഫ്ലൈഓവറിലൂടെ കാർ ഓടിച്ചുപോകുമ്പോൾ ഇരുചക്രവാഹനത്തിൽ ഇടിച്ചിരുന്നു.
അപകടത്തെത്തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. സംഭവത്തിൽ പോലീസുകാരനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഫ്ലൈഓവറിൽനിന്നു തെറിച്ചുവീണ ബൈക്ക് യാത്രികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.