കൊല്ലം: റെയിൽവേയുടെ തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ രാജ്യവ്യാപകമായി വൻ തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2.5 കോടി വ്യാജ ഉപഭോക്തൃ ഐഡികൾ നിർജീവമാക്കി ഐആർസിറ്റിസി.2025 ജനുവരി മുതൽ മേയ് വരെ നടന്ന തത്ക്കാൽ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച പരിശോധനയിലാണ് വ്യാപക ക്രമക്കേട് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടത്.
രാജ്യവ്യാപകമായി ബുക്കിംഗ് വിൻഡോ തുറക്കുമ്പോൾ തത്ക്കാൽ ടിക്കറ്റുകൾ നിമിഷങ്ങൾക്കകം തീർന്നുപോകുന്നത് സംബന്ധിച്ചാണ് ഐആർസിറ്റിസി അന്വേഷണം നടത്തിയത്.ഏജന്റുമാർ വ്യാജ ഐഡികൾ ഉപയോഗിച്ച് ബുക്കിംഗ് സംവിധാനത്തിൽ വലിയ തോതിൽ ദുരൂപയോഗം ചെയ്യുന്നത് അന്വേഷണത്തിൽ ബോധ്യമായി.
ഒരു ദിവസത്തെ പരിശോധനയിൽ ബുക്കിംഗ് വിൻഡോ തുറന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 2.9 ലക്ഷം പാസഞ്ചർ നെയിം റിക്കാർഡുകൾ ( പിഎൻആർ ) കണ്ടെത്തി. ഇവയെല്ലാം ഡിസ്പോസബിൾ ഇ-മെയിൽ വിലാസങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ അക്കൗണ്ടുകളിലേക്കാണ് ബുക്ക് ചെയ്യപ്പെട്ടതൊന്നും അധികൃതർ സ്ഥിരീകരിച്ചു.
ഇത്തരത്തിലുള്ള 2.5 കോടി അക്കൗണ്ടുകളാണ് ഇപ്പോൾ നിർജീവമാക്കിയിട്ടുള്ളത്. കൂടാതെ സംശയാസ്പദമായ 20 ലക്ഷം അക്കൗണ്ടുകളിൽ വിശദമായ പരിശോധനകൾ നടന്നു വരികയാണെന്നും ഐആർസിറ്റിസി അധികൃതർ വ്യക്തമാക്കി.വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ ഉപയോഗിച്ചിരുന്ന 6800-ൽ അധികം ഡിസ്പോസബിൾ ഇ-മെയിൽ ഡൊമെയ്നുകളും തടഞ്ഞിട്ടുണ്ട്. തട്ടിപ്പു സംഘങ്ങളെ നിയമപരമായി പിടികൂടുന്നതിന് ഐആർസിറ്റിസി നാഷണൽ സൈബർ ക്രൈം പോർട്ടലിൽ ഇതിനകം 134 പരാതികളും ഫയൽ ചെയ്തിട്ടുണ്ട്.
അതേ സമയം ഈ തട്ടിപ്പ് റെയിൽവേ മന്ത്രാലയവും അതീവ ഗൗരവമായാണ് എടുത്തിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവും പ്രതികരണവുമായി രംഗത്ത് വന്നു കഴിഞ്ഞു.തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിന് ഇ-ആധാർ പരിശോധന നിർബന്ധമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ച് കഴിഞ്ഞു.
ഇത് ഈ മാസം അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ രാത്രി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. തത്ക്കാൽ ടിക്കറ്റുകളുടെ ദുരൂപയോഗവും പൂഴ്ത്തിവയ്പ്പും തടയുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഓൺലൈൻ ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ആധാർ അടക്കമുള്ള തിരിച്ചറിയൽ വിവരങ്ങൾ ഡിജിറ്റലായി പരിശോധിച്ച് ഉറപ്പിച്ച ശേഷമായിരിക്കും ടിക്കറ്റുകൾ ബുക്ക് ചെയ്ത് നൽകുക. കൗണ്ടർ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിനും ആധാർ പരിശോധന നിർബന്ധവും കർശനവുമാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
- എസ്.ആർ. സുധീർകുമാർ