വാഷിംഗ്ടൺ ഡിസി: യുഎസ് അലാസ്ക തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ടോടെയാണു സംഭവിച്ചത്. ഭൂകന്പത്തെത്തുടർന്ന് അലാസ്കയുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്ക തീരത്ത് 700 മൈൽ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു.
അലാസ്ക ഉപദ്വീപിന്റെ ഭാഗമായ പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിന്റിനു സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ശക്തമായ ഭൂകമ്പം ഉണ്ടായതിനാൽ പത്തു കിലോമീറ്റർ ചുറ്റളവിൽ നാശം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിൽ കനത്തജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ രക്ഷാസേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.ഭൂചലനത്തിൽ വാഹനങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങുന്നതിന്റെയും പരിഭ്രാന്തരായ ആളുകൾ താമസസ്ഥലത്തുനിന്ന് പുറത്തേക്കോടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പസഫിക്, വടക്കേ അമേരിക്ക പ്ലേറ്റുകൾക്കിടയിലുള്ള സബ്ഡക്ഷൻ സോൺ ഇന്റർഫേസിലോ അതിനടുത്തോ ഉണ്ടായ ത്രസ്റ്റ് ഫോൾട്ടിന്റെ ഫലമായാണ് ഭൂകന്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് പ്രസ്താവനയിൽ അറിയിച്ചു.