അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിലുണ്ടായത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധവും ബഹളവും. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽനിന്ന് പുറത്താക്കുന്നതിനുള്ള ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ അവതരണമാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്ന ബിൽ ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യവുമായി വന്ന അവരുടെ അസഹിഷ്ണുത പത്തുവർഷത്തിലേറെയായി കൂടിവരികയാണ്. വ്യക്തമായ ലക്ഷ്യം. കൃത്യമായ പദ്ധതി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ജനാധിപത്യത്തെ പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുളം കലക്കാനും അടിച്ചൊതുക്കാനും വിവിധ ഹിന്ദുത്വശക്തികളും കൂട്ടുണ്ട്.
“നാളെ നിങ്ങൾ ഏതു മുഖ്യമന്ത്രിയെയും കേസിൽ കുടുക്കും. ജയിലിലാക്കും. 30 ദിവസം അവിടെ കിടത്തിയശേഷം അധികാരത്തിൽനിന്നു പുറത്താക്കും. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്”-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിൽ പ്രതിപക്ഷരോഷത്തിന്റെ കനലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ സഭയിൽ ബിൽ കീറിയെറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയാണ് എംപിമാർക്കടക്കം ഇവയുടെ പകർപ്പുകൾ കിട്ടിയത്. ആസൂത്രിത പ്രതിഷേധം ഭയന്നാകാം അർധരാത്രി കഴിഞ്ഞശേഷം മാത്രം വിവരങ്ങൾ പുറത്തുവിട്ടത്.
ഈ ബിൽ അനുസരിച്ച്, അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 30 ദിവസത്തിനുള്ളിൽ സ്വയം രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം പദവി താനേ നഷ്ടപ്പെടും. കേന്ദ്രമന്ത്രിമാരുടെ കാര്യത്തിൽ അറസ്റ്റ് ചെയ്ത് 31-ാം ദിവസം പ്രധാനമന്ത്രി രാഷ്ട്രപതിയോടും, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി ഗവർണറോടും അതത് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ശിപാർശ ചെയ്യണം. ശിപാർശ ചെയ്തില്ലെങ്കിൽ 31-ാം ദിവസം സ്ഥാനം താനേ നഷ്ടമാകും.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കു കൈമാറുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കുന്നത് പതിവായ നാട്ടിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള മറ്റൊരു മാർഗമായി ഈ ബില്ലിനെ കരുതിയാൽ തെറ്റുപറയാനാകില്ല. ബിജെപിയെയും പ്രധാനമന്ത്രിയെയും എതിർത്തവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയെത്തി.
പല മുഖ്യമന്ത്രിമാർക്കെതിരേയും കേസുകൾ വന്നു. നീണ്ട ചോദ്യംചെയ്യലുകൾക്കൊടുവിൽ ചിലർ ജയിലിലുമായി. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെയും ജാർഖണ്ഡിലെ ഹേമന്ത് സോറന്റെയും അനുഭവം നമുക്കു മുന്നിലുണ്ട്. നീതിക്കു നിരക്കാത്ത ഈ വേട്ടയാടലുകൾക്കെതിരേ പ്രതിഷേധം കത്തിനിൽക്കുന്പോഴാണ് പുതിയ അടവുമായി ബിജെപി സർക്കാർ എത്തിയിട്ടുള്ളത്. ഈ ബില്ല് ഘടകകക്ഷി നേതാക്കളായ മുഖ്യമന്ത്രിമാർക്കുള്ള താക്കീതായും പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോലീസും ഉദ്യോഗസ്ഥവൃന്ദവും അധികാരത്തിനൊപ്പം എങ്ങനെയും വളയുന്ന നാട്ടിൽ, ഒരാളെ ഇല്ലാത്ത കേസിൽപ്പെടുത്തി ഒരു മാസം ജയിലിടുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. തെളിവുശേഖരണവും നീണ്ട വിചാരണകളും കഴിഞ്ഞ ശേഷമാണ് കോടതി ഒരാളെ കുറ്റക്കാരനാണോ അല്ലയോ എന്നു വിധിക്കുന്നത്. “ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
ഈ ബില്ലിൽ പ്രധാനമന്ത്രിയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ഗീർവാണമാണ് ഏറ്റവും വലിയ തമാശ. ഒരു കേന്ദ്രസർക്കാർ ഏജൻസി അവരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും 30 ദിവസം തടവിലിടുമെന്നും കരുതാൻ മാത്രം വങ്കത്തം ഇവിടെയാർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ബിൽ നിയമമാകാൻ ഇനിയുമേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
മോദി ഭരണകാലത്തു കടുത്ത പ്രതിഷേധത്തെത്തുടർന്ന് പല ബില്ലുകളും പിൻവലിക്കുകയോ അവയിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും നിതാന്തജാഗ്രത പുലർത്തി ചെറുത്തുനിൽക്കുക മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യവും ഫെഡറൽ സ്വഭാവവും സംരക്ഷിക്കാൻ നമുക്കു മുന്നിലുള്ള ഏക പോംവഴി.