ദേശീയ തലത്തിലും ബിജെപിക്കു വന്പൻ കുതിപ്പേകി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ അട്ടിമറി വിജയം നേടിയിരിക്കുന്നു. തങ്ങളില്ലാതെ ബിഹാറിൽ തത്കാലം ഒരു മുന്നണിക്കും ഭാവിയില്ലെന്നു സഖ്യങ്ങൾക്കെല്ലാം മുന്നറിയിപ്പു നൽകാൻ ജെഡിയു നേതാവ് നിതീഷ്കുമാറിനും സാധിച്ചു. ഇന്ത്യ മുന്നണിയിൽനിന്നു നിതീഷ് മാറിയതിനുശേഷം തല ഉയർത്തിയിട്ടില്ലാത്ത മുന്നണിയുടെ മഹാസഖ്യവീഴ്ചയ്ക്ക് ഇത്തവണ പരിക്കേറെയാണ്. വോട്ടു മോഷണ ബോംബ് ബിഹാറിൽ പൊട്ടിയില്ല.
ഇത്തവണയും പരാജയകാരണമായി അതു കോൺഗ്രസ് ആവർത്തിക്കുന്നുണ്ടെങ്കിലും രാഹുലും തേജസ്വി യാദവും ഇളക്കിമറിച്ച യാത്രകളിൽ ആർപ്പുവിളിച്ച യുവാക്കളല്ല, വീട്ടിലിരുന്ന സ്ത്രീകളാണ് ബിഹാറിന്റെ ഭാവി നിർണയിച്ചതെന്നു വിലയിരുത്തേണ്ടിവരും. അവർ, ജനാധിപത്യ സംരക്ഷണത്തിനല്ല, വീട്ടിലുള്ളവരുടെ വയറുസംരക്ഷണത്തിനാണ് മുൻഗണന നൽകിയത്.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് സ്ത്രീശക്തീകരണത്തിനെന്നു പറഞ്ഞ്, 10,000 രൂപയുടെ ആദ്യഗഡു സ്ത്രീകൾക്കു കൊടുത്ത് നിതീഷ് വോട്ട് ഉറപ്പാക്കി. കൂട്ടത്തിൽ ലാലുവിന്റെ കാലത്തെ ഗുണ്ടാരാജിനെക്കുറിച്ചും സ്ത്രീകളെ ഓർമിപ്പിച്ചു. സിപിഐ (എംഎൽ) നേടിയ സീറ്റുപോലും നേടാനാകാതെപോയ കോൺഗ്രസ്, ഇനി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനു മുന്പ് സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതായിരിക്കും നല്ലത്.
133 മുതൽ 167 സീറ്റുകളാണ് വിവിധ എക്സിറ്റ് പോളുകൾ എൻഡിഎയ്ക്കു ലഭിക്കുമെന്നു പ്രവചിച്ചത്. ഫലം വന്നപ്പോൾ പരമാവധിയുടെ പരിധിയും കഴിഞ്ഞ് അവർ മുന്നേറി. എന്നാൽ, 70 മുതൽ 108 സീറ്റുകൾവരെ ഇന്ത്യ മുന്നണിക്കു ലഭിക്കുമെന്നായിരുന്നു പ്രവചനങ്ങളെങ്കിലും കുറഞ്ഞ സീറ്റുകളുടെപോലും അടുത്തെത്താൻ കഴിഞ്ഞില്ല. മത്സരിച്ചതിന്റെ പത്തിലൊന്നു സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. ബിഹാറിൽ എൻഡിഎ അല്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണു വിജയിച്ചതെന്നു പറഞ്ഞ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണങ്ങൾക്കെതിരേ പ്രതിപക്ഷം അട്ടിമറി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
വോട്ടെടുപ്പിനു തൊട്ടുമുന്പ്, ഹരിയാനയിൽ 2024ൽ 25 ലക്ഷം വോട്ട് മോഷണം നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയതെന്നാരോപിച്ച് രാഹുൽ ഗാന്ധി പത്രസമ്മേളനം നടത്തുകയും ചെയ്തു. ബിഹാറിലെ വോട്ടർപട്ടികയിൽ, ഇല്ലാത്ത വിലാസത്തിലോ വ്യാജ വിലാസത്തിലോ രജിസ്റ്റർ ചെയ്ത 1.32 കോടി വോട്ടർമാരെ കഴിഞ്ഞദിവസം റിപ്പോർട്ടേഴ്സ് കളക്ടീവ് കണ്ടെത്തിയിരുന്നു. കരടു വോട്ടർപട്ടികയിലെ ക്രമക്കേടുകൾ അന്തിമവോട്ടർപട്ടികയിലും പരിഹരിച്ചില്ലെന്ന ആരോപണവും നിലനിൽക്കുകയാണ്.
ദയനീയ പരാജയത്തെ പ്രതിപക്ഷം അംഗീകരിക്കാൻ മടിക്കുന്നതിനിടെ നീതീഷ് കുമാർ പത്താം തവണയും മുഖ്യമന്ത്രിയാകാൻ ഒരുങ്ങിക്കഴിഞ്ഞു. പലതവണ എൻഡിഎ-ഇന്ത്യ മുന്നണികളിൽ കളം മാറിച്ചവിട്ടി ഭാഗ്യം പരീക്ഷിച്ച നിതീഷ് അധികാര രാഷ്ട്രീയത്തിന്റെ ചാണക്യനായി.
അതിദാരിദ്ര്യവും തൊഴിലില്ലായ്മയും അനുഭവിക്കുന്ന മനുഷ്യർ ജനാധിപത്യത്തിനോ ദുരിതങ്ങളുടെ അടിസ്ഥാന കാരണങ്ങൾക്കോ അല്ല, തത്കാലികാശ്വാസങ്ങൾക്കാണു മുൻഗണന നൽകുന്നതെന്നു ബിഹാർ തെളിയിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൂലിപ്പണിക്കു പോയിരിക്കുന്ന ബിഹാറിലെ പുരുഷന്മാർ സാന്പത്തിക പിന്നാക്കാവസ്ഥയുടെ അടയാളമാണ്. അവരിൽ പലരും വോട്ടു ചെയ്യാൻപോലും നാട്ടിലെത്തിയില്ല. പലരും വോട്ടർപട്ടികയിൽനിന്നു പുറത്തായി. പുരുഷന്മാരേക്കാൾ എട്ടു ശതമാനം അധികം സ്ത്രീകളാണ് ബൂത്തുകളിലെത്തിയത്. അവർക്കുള്ളത് നിതീഷ് കൊടുക്കുകയും ചെയ്തു.
“മുഖ്യമന്ത്രി മഹിളാ റോസ്ഗാര് യോജന’ പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ വീതം 7,500 കോടി രൂപ! ആർജെഡിയിൽനിന്നു സീറ്റുകൾ പിടിച്ചുവാങ്ങി മത്സരിച്ചതും നിർണായക തെരഞ്ഞെടുപ്പായിട്ടുപോലും ആർജെഡിക്കെതിരേ സൗഹൃദമത്സരത്തിനിറങ്ങിയതും പാർട്ടിയിലെ തമ്മിലടിയുമൊക്കെ കോൺഗ്രസിനെ നശിപ്പിച്ചു; പ്രാദേശിക പാർട്ടികളുടെപോലും വിലയില്ലാത്തവിധം. മുസ്ലീം-യാദവ് അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരുന്ന ആർജെഡി നേതാവ് തേജസ്വി യാദവിനും തിരിച്ചടിയാണ് ലഭിച്ചത്.
അതേസമയം എൻഡിഎ യാദവ കേന്ദ്രങ്ങളിലേക്കും നുഴഞ്ഞുകയറുകയും ചെയ്തു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും ബിജെപിക്കു കുറെ വോട്ട് ഒപ്പിച്ചെന്നല്ലാതെ ഒരു നേട്ടവുമുണ്ടാക്കിയില്ല. ചിരാഗ് പാസ്വാന്റെ എൽജെപി എൻഡിഎ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഇന്ത്യ മുന്നണിയുടെ ജനാധിപത്യ-വോട്ടു സംരക്ഷണ പോരാട്ടങ്ങൾ തുടരേണ്ടതുതന്നെയാണ്. പക്ഷേ, അതിനുമുന്പ് അവരുടെ പാർട്ടിയിൽ ജനാധിപത്യം ഉറപ്പാക്കി സംസ്ഥാനങ്ങളിൽ നേതാക്കളുടെ തമ്മിലടിയും ഗ്രൂപ്പ് പോരുകളും അവസാനിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ സംശുദ്ധ ജനാധിപത്യം പുനഃസ്ഥാപിച്ചു വരുന്പോഴേക്കും മത്സരിക്കാൻ പാർട്ടി കാണില്ല. ജനാധിപത്യം അതിന്റെ പ്രവചനാതീതമായ വഴികളിലൂടെ കുതിക്കുകയാണ്. ജയപരാജയങ്ങൾക്കപ്പുറം പാർട്ടികൾ അവയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക. ജനം വോട്ടുകൊണ്ട് അതിനു മാർക്കിട്ടുകൊള്ളും.
