കോട്ടയം: നവകേരള സദസിനും മന്ത്രിതല താലൂക്ക് അദാലത്തുകള്‍ക്കു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ജനങ്ങളിലേക്ക് എത്തുന്നു.നവകേരള സദസിലെ പോലെ ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടു പഞ്ചായത്തുകളില്‍ എത്തുകയല്ല പകരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം വീഡിയോയിലുടെ ജനങ്ങളെ കേള്‍പ്പിക്കും.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസുകള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലത്തിനുള്ളിലാണ് പഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ് സംഘടിപ്പിക്കുന്നത്. വികസന സദസിന്റെ ഏകോപന ചുമതല തദ്ദേശ സ്വയം ഭരണ വകുപ്പിനും മന്ത്രി എം.ബി. രാജേഷിനുമാണ്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പിആര്‍ഡി നിയോഗിക്കുന്ന റിസോര്ഴ്സ് പഴ്സണ്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വികസന സദസില്‍ അവതരിപ്പിക്കും. തദ്ദേശ സ്ഥാപന പരിധിയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും പൗരപ്രമുഖരും സദസില്‍ പങ്കാളികളാകും. ജനങ്ങളുടെ പ്രതികരണങ്ങള്‍ വികസവുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ സദസില്‍ സ്വീകരിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും പ്രംസഗങ്ങള്‍ വീഡിയോ വഴി അവതരിപ്പിക്കും. സംസ്ഥാന രൂപീകരണത്തിനു 75 വര്‍ഷമാകുന്ന 2031ല്‍ നടപ്പാക്കേണ്ട വികസന കാഴ്ചപാടു രൂപീകരിക്കാനാണെന്ന പേരിലാണ് പരിപാടികളുടെ ആസൂത്രണം. വികസന സദസിന്റെ തുടര്‍ച്ചയായി അടുത്ത ജനുവരിയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലാ വികസന സദസുകളും സംഘടിപ്പിക്കും.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരെല്ലാവരും മണ്ഡലങ്ങളിലെത്തുന്ന നവകേരള സദസ് നടത്തിയത്. നവകേരള സദസിന്റെ ബസ് മുതല്‍ പരിപാടി മുഴുവന്‍ വിവാദമായിരുന്നു. സദസിനിടയില്‍ മുഖ്യമന്ത്രിയെ തടയാനെത്തിയവരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതും അതു രക്ഷാ പ്രവര്‍ത്തനമാണെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടിയും വിവാദമായിരന്നു.
നവകേരള സദസിനെതിരെ വ്യാപക ആക്ഷേപം ഉര്‍ന്നെങ്കിലും സദസ് ജനങ്ങള്‍ക്കിടിയില്‍ ചലനം സൃഷ്ടിച്ചെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ച വേണമെന്നാണ് സിപിഎം തീരുമാനം. എന്നാല്‍ ആര്‍ഭാടവും ബഹളവും ഒഴിവാക്കി വിവാദങ്ങള്‍ക്ക് ഇട നല്‍കാത്ത രീതിയില്‍ ജനകീയ ഇടപെടലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തുകള്‍ തോറും വികസന സദസ് എന്ന പുതിയ പ്രചാരണ പരിപാടി സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതിനിടയില്‍ സിപിഎം ചോദ്യാവലിയുമായി ഭവന സന്ദര്‍ശനവും നടത്തും. ഓരോ വാര്‍ഡിലെയും വോട്ടര്‍മാരെ നേരില്‍കണ്ടാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യാവലി പൂരിപ്പിച്ച് മേല്‍കമ്മിറ്റിയെ ഏല്‍പ്പിക്കുന്നത്.ബൂത്തിലെ പ്രധാനപ്പെട്ട നേതാക്കളുടെ സ്ക്വാഡ് രൂപീകരിച്ച് ഭവനസന്ദര്‍ശനം. വോട്ടര്‍മാരെ നേരില്‍കണ്ടു അവരുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ചുള്ള വിവരമാണ് പ്രധാനമായും ശേഖരിക്കുന്നത്.
സിപിഎം ഉറച്ച വോട്ട്, എല്‍ഡിഎഫ് വോട്ട്, യുഡിഎഫ് വോട്ട്, ബിജെപി വോട്ട് എന്നിങ്ങനെ നാലു ചോദ്യങ്ങളിലൂടെയാണ് വോട്ടര്‍മാരുടെ മനസ് അളക്കുന്നത്. ചോദ്യാവലിയോടൊപ്പം വാട്സ് ആപ്പ് നമ്പരുകള്‍ ശേഖരിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും നിര്‍ദേശമുണ്ട്.ഭവനസന്ദര്‍ശനത്തിനൊപ്പം സംഘടനപരാമായും തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളും സിപിഎം ആരംഭിച്ചു കഴിഞ്ഞു. ഒരു പാര്ട്ടിയംഗത്തിനു പത്തു വീടുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന നേതാക്കള്‍ മുതല്‍ ലോക്കല്‍ നേതാക്കള്‍ വരെയുള്ളവര്‍ നേരിട്ടിറങ്ങി വീടുകള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം സമൂഹത്തില്‍ വ്യത്യസ്ത മേഖലകളിലുള്ളവരുമായി കൂടികാഴ്ചയും നടത്തും. ഇതു കൂടാതെ വിപുലമായ കുടുംബസംഗമങ്ങള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, പെന്ഷന് വാങ്ങുന്നവരുടെ യോഗം, തൊഴിലാളി സംഗമം എന്നിവയും നടത്തും.
- ജിബിന്‍ കുര്യന്