തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ ഇന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്.
പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണു സെറ്റ് ചെയ്യുന്നത്.
ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണു ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്. സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണു വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേതു പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്.
ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലും 15 ൽ കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കാനില്ലാത്തതിനാൽ എല്ലാ ബുത്തുകളിലും ഓരോ തലത്തിലും ഓരോ ബാലറ്റ് യൂണിറ്റ് മതിയാകും.
കാൻഡിഡേറ്റ് സെറ്റിംഗിനു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മെഷീനുകളിൽ മോക്ക്പോൾ നടത്തും. മോക്പോളിന്റെ ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും സ്ഥാനാർഥികളെയും കാണിക്കും. തുടർന്ന് മോക്ക് പോൾ ഫലം ഡിലീറ്റ് ചെയ്ത് മെഷീനുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.
വോട്ടെടുപ്പിന്റെ തലേദിവസം മറ്റ് പോളിംഗ് സാധനങ്ങൾക്കൊപ്പം മെഷീനുകളും പോളിംഗ് ഉദ്യോഗസ്ഥർക്കു കൈമാറും. വോട്ടെടുപ്പ് ദിവസം രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള പോളിംഗ് ഏജന്റുമാരുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യത്തിൽ മോക്ക് പോൾ നടത്തും. തുടർന്ന് ഏഴുമുതൽ വോട്ടെടുപ്പ് ആരംഭിക്കും.

