സിഡ്നി: ഈ വര്‍ഷം നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഓസീസ് മുന്‍താരം ഗ്ലെന്‍ മഗ്രാത്ത്. ആഷസ് പരമ്പര 5-0ന് ഓസ്ട്രേലിയ തൂത്തുവാരുമെന്നാണ് മഗ്രാത്തിന്റെ പ്രവചനം.
ഇന്ത്യക്കെതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-2 സമനില വഴങ്ങിയിരുന്നു. സ്വന്തം നാട്ടില്‍ ഇന്ത്യയോടു പരമ്പര സമനില വഴങ്ങിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരേ നിലംതൊടില്ലെന്നാണ് മഗ്രാത്തിന്റെ അഭിപ്രായം.
“ഞാന്‍ സാധാരണയായി മത്സര ഫലങ്ങള്‍ പ്രവചിക്കാറില്ല. എന്നാല്‍, ഇക്കാര്യത്തില്‍ (ആഷസ്) ഓസ്ട്രേലിയ 5-0നു ജയിക്കുമെന്നു പറയാനാകും. കാരണം, ഓസീസ് ടീമില്‍ എനിക്ക് അത്രവിശ്വാസമുണ്ട്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരെല്ലാം ഹോം കണ്ടീഷന്‍ നന്നായി ഉപയോഗിക്കാനറിയാവുന്ന കളിക്കാരാണ്’’ – മഗ്രാത്ത് പറഞ്ഞു.
2015നുശേഷം ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ല. 2010-11നുശേഷം ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചത്. 2021-22ലെ അവസാന പര്യടനത്തില്‍ ഇംഗ്ലണ്ടിന്റെ തോല്‍വി 4-0ന് ആയിരുന്നു.