മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ദൃശ്യവിരുന്നൊരുക്കി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റ്.
മേയ്മാസ വണക്കാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു മരിയഭക്തിയുടെ വേറിട്ട പ്രചരണം. ഇടവകയിലെ 28 വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 28 പേരും രണ്ട് എസ്എംവൈഎം അംഗങ്ങളും ചേർന്ന് 30 സ്ഥലങ്ങളിലെ മരിയൻ പ്രത്യക്ഷീകരണദൃശ്യങ്ങളാണ് സമ്മാനിച്ചത്.
കേട്ടും കണ്ടുമറിഞ്ഞിട്ടുള്ള മാതൃ പ്രത്യക്ഷീകരണങ്ങളെ നേരിൽ കണ്ട സന്തോഷത്തിലായിരുന്നു തീർഥാടകരടക്കമുള്ള വിശ്വാസീസമൂഹം. കുറവിലങ്ങാട്, വേളാങ്കണ്ണി, വല്ലാർപാടം, കൊരട്ടി, ഗാഡലൂപ്പ, ഫാത്തിമ, ലൂർദ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളുടെ പേരിൽ അറിയിപ്പെടുന്ന മാതാവിന്റെ രൂപങ്ങളും വ്യാകുലമാതാവ്, കർമലമാതാവ്, നിത്യസഹായമാതാവ്, റോസ മിസ്റ്റിക്ക എന്നിങ്ങനെ വ്യത്യസ്ത വിളിപ്പേരുകളിൽ അറിയപ്പെടുന്ന മാതാവിന്റെ വേഷവിധാനങ്ങളുമായുള്ളവരും പങ്കെടുത്തു.
മാതാവിന്റെ വേഷധാരികളായി എത്തിയവരെല്ലാം ഇടവക ദേവാലയത്തിൽനിന്ന് ജൂബിലി കപ്പേളയിലേക്ക് നടന്ന ജപമാല പ്രദക്ഷിണത്തിലും പങ്കെടുത്തു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസി. ഫാ. ജോസ് കോട്ടയിൽ എന്നിവർ തിരുക്കർമങ്ങളിൽ കാർമികരായി. എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ അമൽ ജോ, ഭാരവാഹികളായ സെബാസ്റ്റ്യൻ പൊയ്യാനി, അലാൻ ബെന്നി, എബിൻ സജി, നേഹ ലിജു തുടങ്ങിയവർ നേതൃത്വം നൽകി.