കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ യുവാവ് അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തേവര സ്വദേശി ആല്ബിന്(26) എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് റിസപ്ഷനിലെ രണ്ടു കന്പ്യൂട്ടറുകളും പ്രിന്ററും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും ഇയാള്‍ തകര്‍ത്തു. റിസപ്ഷനിലെ ജീവനക്കാര്‍ ബഹളംവച്ചതോടെ സുരക്ഷാ ജീവനക്കാരെത്തി ആല്‍ബിനെ പിടിച്ചുവച്ചു. ആശുപത്രി സൂപ്രണ്ട് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കി.
അതേസമയം, എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് വച്ച് യുവതിയോട് മോശമായി പെരുമാറിയതിന് നാട്ടുകാര്‍ ആല്‍ബിനെ കൈയേറ്റം ചെയ്തതായും ഇവിടെനിന്ന് രക്ഷപ്പെട്ടാണ് ജനറല്‍ ആശുപത്രിയില്‍ എത്തിയതെന്നും വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.