ആലുവ: ബൈക്കിലും സ്കൂട്ടറിലും കഞ്ചാവ് വില്പനയ്ക്ക് എത്തിയ രണ്ട് അതിഥി തൊഴിലാളികളെ ആലുവ എക്സൈസ് സംഘം പുക്കാട്ടുപടിയിൽ പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദ്ദീൻ മൊല്ല (42), ബംഗാൾ സ്വദേശി അനറുൾ ഇസ്ലാം (52) എന്നിവരെയാണ് പിടികൂടിയത്.ചില്ലറ വില്പനയ്ക്ക് എത്തിച്ച കഞ്ചാവും വാടക വീട്ടിൽനിന്ന് 10 കിലോ കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞ ദിവസം കിലോക്ക് 2,000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് ബംഗാളിൽനിന്ന് എത്തിച്ചെന്നും കിലോക്ക് 25,000 രൂപ നിരക്കിൽ ഏഴ് കിലോ ഗ്രാം വിറ്റെന്നും പ്രതികൾ സമ്മതിച്ചു.
കോളജ് വിദ്യാർഥികളടക്കമുള്ള ആവശ്യക്കാർക്ക് കഞ്ചാവ് പറയുന്ന സ്ഥലത്ത് ബൈക്കിലും സ്കൂട്ടറിലുമായി എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇവരെ പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാളയ്ക്കപടിയിലെ വാടകവീട്ടിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു.
ഗൂഗിൾ പേ വഴിയാണ് പണം മേടിക്കുന്നതെന്നും ഫ്ലൈറ്റ് മാർഗ്ഗം നാട്ടിലേക്ക് പോവുകയും മാസത്തിൽ നാല് തവണ നാട്ടിൽനിന്നും 20 കിലോ വീതം ട്രെയിൻ മാർഗ്ഗം എത്തിച്ച് വില്പന നടത്തിയിരുന്നതായും ആലുവ സർക്കിൾ ഓഫീസ് ഷാഡോ ടീം അറിയിച്ചു.
രാവിലെ മുതൽ കുഞ്ചാട്ടുകര, പൂക്കാട്ടുപടി, മാളയ്ക്കപ്പടി, കുഴുവേലിപ്പടി ഭാഗത്ത് വൻതോതിൽ കഞ്ചാവ് വില്പനയും ലഹരി വസ്തുക്കളുടെ ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഭിദാസന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.ബി. സജീവികുമാർ, പ്രിവന്റീവ് ഓഫീസർ എം.എം. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എസ്. വിഷ്ണു, രജിത്ത് ആർ. നായർ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സിറ്റി പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ എം.എം. അരുൺകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു സി.എസ്. നായർ, രജിത്ത് ആർ. നായർ എന്നിവരും ഈ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്തു.