തൃശൂർ: കള്ളവോട്ടുകളും വ്യാജ വോട്ടർ പട്ടികയും സംബന്ധിച്ച് പരമാവധി തെളിവുകളും രേഖകളും ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയേയും സമീപിക്കാൻ തൃശൂരിലെ രാഷ്ട്രീയപാർട്ടികൾ ഒരുങ്ങുന്നു.കഴിഞ്ഞ ദിവസം സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി വിവരങ്ങൾ കൈമാറിയിരുന്നു.
ഇതിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും ഇതേ പാതയിലൂടെ നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വ്യക്തമായ തെളിവുകളും രേഖകളും കരസ്ഥമാക്കി നിയമനടപടികളിലേക്ക് കടക്കാനാണ് എല്ലാ പാർട്ടികളുടേയും നീക്കം. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം തെളിവും രേഖയും സഹിതം തെരഞ്ഞെടുപ്പു കമ്മീഷനെയും കോടതിയേയും സമീപിച്ചാൽ അത് ഫലമുണ്ടാക്കുമെന്നാണ് രാഷ്ട്രീയപാർട്ടികൾ കരുതുന്നത്.
പ്രാദേശികതലത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങളും തെളിവുകളും രേഖകളും പരിശോധിക്കാൻ പാർട്ടികൾ പ്രാദേശികഘടകങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പരിശോധിച്ച് എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ എത്രയും വേഗം അത് കണ്ടെത്താനും താഴേത്തട്ടിലുള്ള ഘടകങ്ങളോടു പറഞ്ഞിട്ടുണ്ട്.
അതിനിടെ വീണ്ടും കള്ളവോട്ട് – വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്. എല്ലാ പാർട്ടികളും ഇതേ വിഷയത്തിൽ ശ്രദ്ധ കൊടുത്തിരിക്കുന്നതിനാൽ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നുണ്ട്.
തൃശൂർ നഗരത്തിൽ മാത്രമല്ല, ബിജെപിക്ക് സ്വാധീനമുള്ള മറ്റിടങ്ങളിലും കള്ളവോട്ട് നടന്നെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ പറഞ്ഞു. ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപി നേതാവിന്റെ വീട്ടിൽ 17 വോട്ടുകൾ ചേർത്തെന്ന് സിപിഎം ആരോപിച്ചു.