ട്രിഗര്‍ ഫിംഗര്‍ (Trigger Finger)
കൈപ്പത്തിയിലൂടെ കടന്നുപോകുന്ന വിരലുകളെ ചലിപ്പിക്കുന്ന സ്നായുക്കളിലുണ്ടാകുന്ന മുറുക്കമാണ് ട്രിഗര്‍ ഫിംഗര്‍. വിരലുകള്‍ അനക്കുവാന്‍ ശ്രമിക്കുമ്പോള്‍ കാഞ്ചി വലിക്കുന്നതുപോലെ ഉടക്ക് വീഴുന്നതാണ് ഇതിന്റെ ലക്ഷണം. ചില അവസരങ്ങളില്‍ കൈവിരല്‍ മടക്കിയതിനുശേഷം നിവര്‍ത്താൻ പറ്റാത്ത അവസ്ഥ ഉണ്ടായേക്കാം.
ചികിത്സാരീതി
മേല്‍പ്പറഞ്ഞ പ്രശ്നങ്ങളുടെ പ്രാരംഭ ഘട്ടങ്ങളില്‍ മരുന്നിലൂടെ ഭേദമാക്കാന്‍ സാധിക്കുന്നു. മുറുക്കം അനുഭവിക്കുന്ന ഭാഗത്തെ നീര് കുറയ്ക്കാനുള്ള മരുന്നും പെരുപ്പ് കുറയ്ക്കാനുള്ള മരുന്നും വിശ്രമവും ഭൂരിഭാഗം രോഗികളിലും ഫലം നല്കുന്നു. എന്നാല്‍ വളരെ നാളുകള്‍ കൊണ്ട് മുറുക്കം കഠിനമായ രോഗികളില്‍ മരുന്ന് ഫലം നല്‍കില്ല. മുറുക്കമുള്ള ഭാഗത്ത് നല്കപ്പെടുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പുകള്‍ താല്ക്കാലികശമനം നല്കുന്നു.
ശസ്ത്രക്രിയ
വളരെ നാളുകള്‍ കൊണ്ട് മുറുക്കം കഠിനമായ രോഗികളില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ മുറുക്കം അയച്ചുവിടുന്ന രീതിയാണ് ഉത്തമം. ആ ഭാഗം മരവിപ്പിച്ച ശേഷം ചെറിയ മുറിവുകളിലൂടെയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. രാവിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയി വൈകുന്നേരം തിരികെ പോകാന്‍ പറ്റുന്ന ഡേ കേസ് (Day case) സര്‍ജറി ആയിട്ടാണ് പൊതുവേ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യാറുള്ളത്.
മുറിവ് ഉള്ളതിനാല്‍ രണ്ടാഴ്ചയോളം നനയ്ക്കാന്‍ പറ്റാത്ത വിധം കൈയ്യില്‍ ബാന്‍ഡേജ് ഉണ്ടാകും. പിന്നീട് തുന്നലുകള്‍ എടുത്ത ശേഷം കൈ നനയ്ക്കുകയും സാധാരണ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യാം.
സങ്കീർണമാക്കരുത്
ഞരമ്പ്, സ്നായു എന്നിവയ്ക്ക് വളരെനാള്‍ ഞെരുക്കം അനുഭവപ്പെട്ടാല്‍ പേശികള്‍ ശോഷിച്ചുപോകാന്‍ സാധ്യത കൂടുതലാണ്. കൃത്യ സമയത്തുള്ള ഇടപെടലുകള്‍ കൈപ്പത്തിയിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.