അടിമാലി: ബിഎസ്എൻഎൽ ഒഴികെയുള്ള ഫോണുകളിൽനിന്നു വിളിച്ചാൽ കിട്ടാത്ത ലാൻഡ് ഫോണുമായി അടിമാലി, മൂന്നാർ അഗ്നിശമന യൂണിറ്റുകൾ. കാലവർഷത്തിലുണ്ടാകുന്ന അത്യാഹിതങ്ങളും മറ്റും അറിയിക്കുന്നതിന് മറ്റു കന്പനികളുടെ നന്പരുകളിൽനിന്നു ഫയർ ഫോഴ്സ് യൂണിറ്റുകളിലേക്കു വിളിച്ചാൽ കിട്ടാതാകുന്നത് ദുരന്തങ്ങളുടെ തീവ്രത വർധിക്കാൻ കാരണമാകുന്നുണ്ട്.
അടിമാലി ഫയർ ഫോഴ്സ് യൂണിറ്റിലെ ഫോണ് നന്പർ 04864 224101, മൂന്നാറിലേത് 04865 230290 എന്നിങ്ങനെയാണ്. ഈ രണ്ടു നന്പരുകളിലേക്കും ബിഎസ്എൻഎൽ ഒഴികയുള്ള ഫോണുകളിൽനിന്നു വിളിച്ചാൽ ഡയൽടോണ് തുടക്കത്തിൽതന്നെ നിശ്ചലമാകുകയോ മറ്റേതെങ്കിലും സ്ഥലത്തെ ഏതെങ്കിലും ഓഫീസോ ആണ് ലഭിക്കുന്നത്.
ദേവികുളം താലൂക്കിലെയും ഇടുക്കി, ഉടുന്പൻചോല താലൂക്കുകളുടെ പത്തോളം പഞ്ചായത്തുകളിലെയും ജനങ്ങളും അത്യാഹിതങ്ങൾ ഉണ്ടായാൽ ആശ്രയിക്കുന്നത് അടിമാലി, മൂന്നാർ എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളെയാണ്.
കൊച്ചി — ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം മുതൽ ബോഡിമെട്ട് വരെയുള്ള നൂറുകിലോമീറ്റർ ദൂരം അപകടപാതയാണ്. ഇവിടങ്ങളിൽ അപകടങ്ങളുണ്ടായാൽ ഫയർ ഫോഴ്സ് അധികൃതരെ അറിയിക്കാൻ മാർഗമില്ലാത്ത അവസ്ഥയാണ്. ഫോണിന്റെ തകരാറുകൾ പരിഹരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ ഓഫിസിൽ ഫയർ ഫോഴ്സ് അധികൃതർ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.