കൊച്ചി: എറണാകുളം ജില്ലയിലെ ഫ്ലിപ്പ് കാര്‍ട്ട് ഡെലിവറി ഹബുകളില്‍ 1.61 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്നു ഡെലിവറി ഹബ് ചുമതലക്കാര്‍ക്കെതിരെ കേസ്. ഫ്ലിപ്പ്കാര്‍ട്ടിന്റെ കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ ഹബുകളുടെ ചുമതലക്കാരായ സിദ്ദിഖ് കെ. അലിയാര്(കാഞ്ഞൂര്‍), ജാസിം ദിലീപ്(കുറുപ്പംപടി), പി.എ. ഹാരിസ്(മേക്കാഡ്), മാഹിന്‍ നൗഷാദ്(മൂവാറ്റുപുഴ) എന്നിവരെ പ്രതികളാക്കിയത്. ഫ്ലിപ്പ്കാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റ് 31 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലയളവില്‍ പല ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസത്തിലാണ് പ്രതികള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണുകള്‍ വാങ്ങിയിരുന്നത്. ആപ്പിള്‍(ഐഫോണ്‍), സാംസംഗ് ഗ്യാലക്സി, വിവോ, ഐക്യൂ എന്നീ ബ്രാന്‍ഡുകളുടെ 1,61,19,248 രൂപ വില വരുന്ന 332 ഫോണുകളാണ് പ്രതികള്‍ കൈക്കലാക്കിയത്.
കാഞ്ഞൂര്‍ ഡെലിവറി ഹബില്‍ 18,14,614 രൂപ വിലയുള്ള 38 ഫോണുകളും, കുറുപ്പംപടി ഹബില്‍ 40,97,172 രൂപ വിലയുള്ള 87 ഫോണുകളും, മേക്കാട് ഹബില്‍ 48,66,063 രൂപ വിലയുള്ള 101 ഫോണുകളും, മൂവാറ്റുപുഴ ഡെലിവറി ഹബില്‍ 53,41,399 രൂപ വിലയുള്ള 106 ഫോണുകളുമാണ് വ്യാജ വിലാസത്തിലൂടെ ഓര്‍ഡര്‍ ചെയ്ത് പ്രതികള്‍ തട്ടിയെടുത്തത്.
ഓര്‍ഡര്‍ ചെയ്ത് മൊബൈല്‍ ഫോണുകള്‍ ഡെലിവറി ഹബുകളില്‍ എത്തിച്ച ശേഷം ഇവ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി കമ്പനിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. ഐടി ആക്ട് പ്രകാരവും, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

