എരുമേലി: ഭക്ഷണശാലയിൽ അമിത വില ഈടാക്കിയത് ചോദ്യം ചെയ്ത ശബരിമല തീർഥാടകന് മർദനം. പോലീസ് സ്റ്റേഷനിൽ എത്തി തീർഥാടകൻ പരാതി നൽകിയപ്പോൾ പരാതിക്ക് രസീത് നൽകുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും പരാതി.സംഭവം വിവാദമായതോടെ അന്വേഷണം നടത്തിയ പോലീസ് രണ്ടു പേരെ സ്റ്റേഷനിൽ കൊണ്ടുവന്ന് വിവരങ്ങൾ ചോദിച്ച ശേഷം വിട്ടയച്ചു. തുടർന്ന് ഭക്ഷണശാല അടപ്പിച്ച പോലീസ് പരാതി നൽകിയ തീർഥാടകന്റെ മൊഴി ലഭിച്ച ശേഷം കേസെടുക്കാമെന്ന നിലപാടിലാണ്.
കഴിഞ്ഞ ദിവസം എരുമേലി വലിയമ്പല നടപ്പന്തലിലെ താത്കാലിക കടയിലാണ് അമിത വിലയെച്ചൊല്ലി വാക്കേറ്റവും മർദനവുമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി സുമേഷിനാണ് മര്‍ദനമേറ്റത്. ആറ് ചായയ്ക്കും ഒരു പാക്കറ്റ് ബിസ്കറ്റിനുമായി 140 രൂപ വാങ്ങിയെന്നും ഇത് അമിത വിലയാണെന്ന് പറഞ്ഞ് സുമേഷ് വിലവിവരപ്പട്ടിക കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കടയിലെ രണ്ടു പേർ മര്‍ദിച്ചെന്നാണു പരാതി.
ഇതിനിടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് സുമേഷ് നൽകിയ പരാതിയിൽ പറയുന്നു.സുമേഷ് നൽകിയ പരാതി സ്വീകരിച്ച പോലീസ് പരാതിക്ക് രസീത് ആവശ്യപ്പെട്ടപ്പോൾ നിരസിച്ചെന്നും ഏറെ സമയം സ്റ്റേഷനിൽ കാത്തിരുന്നിട്ടും അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ പോലീസ് തയാറായില്ലന്നും പറയുന്നു.
തുടർന്ന് സുമേഷ് നാട്ടിലേക്ക് മടങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽനിന്നു ഫോണിൽ വിളിച്ചു സ്റ്റേഷനിൽ എത്തി മൊഴി നൽകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടന്നും പറയുന്നു. മലപ്പുറത്തുനിന്നു യാത്ര ചെയ്ത് എരുമേലി സ്റ്റേഷനിൽ എത്തി മൊഴി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും ഇ-മെയിൽ ചെയ്ത് മൊഴി അയക്കാമെന്നും പോലീസിനെ അറിയിച്ചെന്നും എന്നാൽ, സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടന്നും സുമേഷ് പറയുന്നു. മൊഴി ലഭിക്കാത്തതിനാൽ സംഭവം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം ശബരിമല തീർഥാടന കേന്ദ്രങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെയും അമിത വില ഈടാക്കുന്നത് സംബന്ധിച്ചും പോലീസ് എസ്എച്ച്ഒയും പഞ്ചായത്ത് സെക്രട്ടറിയും സ്വമേധയാ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം ഉണ്ടെന്നും ഇത് എരുമേലിയിൽ പാലിക്കുന്നില്ലെന്നും അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ്. നായർ പറഞ്ഞു.