കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് 12 അതിഥി തൊഴിലാളികളെ കളമശേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ച മുതൽ കടുത്ത ഛർദിയും വയറിളക്കവും തളർച്ചയും അനുഭവപ്പെട്ട ഇവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ബുദ്ധിമുട്ടുണ്ടായതെന്ന് അതിഥി തൊഴിലാളികൾ പറഞ്ഞു. ഇവരുടെ താമസ സ്ഥലത്ത് വരും ദിവസങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയേക്കും.
ചികിത്സയിലുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യനില ത്യപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
ഭക്ഷ്യ വിഷബാധ: 12 അതിഥി തൊഴിലാളികൾ ആശുപത്രിയിൽ
