ന്യൂഡൽഹി: ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ മൂന്നു ദിവസത്തെ സന്ദർശനമാണുള്ളത്.
‘വസുധൈവ കുടുംബകം’, ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നീ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് മോദി പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത്.
‘ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും. ആഫ്രിക്കയിൽ നടക്കുന്നതുകൊണ്ട് ഉചകോടിക്ക് വളരെ പ്രത്യേകതയുണ്ട്. വിവിധ ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഉച്ചകോടിയുടെ ഭാഗമായി, ജോഹന്നാസ്ബർഗിൽ സന്നിഹിതരായ ചില നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നും അവിടെ നടക്കുന്ന ആറാമത്തെ ഐബിഎസ്എ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രധാന ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള അവസരമായിരിക്കും ഉച്ചകോടി. ഈ വർഷത്തെ ജി 20 യുടെ പ്രമേയം “ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത’ എന്നതാണ്. ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി സംസാരിക്കുമെന്ന് ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സന്ദർശന വേളയിൽ, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായും പ്രധാനമന്ത്രി സംസാരിക്കും.
അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമിനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ എന്നീ രാജ്യങ്ങൾ ജി 20യിൽ ഉൾപ്പെടുന്നു.

