കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും റീക്കാർഡ് മുന്നേറ്റവുമായി സ്വർണം. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ചത് സ്വർണ വില സർവകാല റിക്കാർഡിലെത്തി.
ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമാണ് വില. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3280 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയിട്ടുണ്ട്.
അന്താരാഷ്ട്ര സംഘര്‍ഷങ്ങളും, താരിഫ് തര്‍ക്കങ്ങളും തന്നെയാണ് ഇപ്പോഴത്തെ വിലവർധനവിനി കാരണം. ട്രോയ് ഔണ്‍സിന് 3300 ഡോളര്‍ കടന്ന് മുന്നോട്ടു നീങ്ങിയാല്‍ 3500 ഡോളര്‍ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്.
എന്നിരുന്നാലും 3300 ഡോളര്‍ എത്തിയാല്‍ 100- 150 ഡോളറിന്റെ ഇറക്കത്തിനും സാധ്യത കാണുന്നുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അബ്ദുൾ നാസര്‍ പറഞ്ഞു.
ആളോഹരിയില്‍ സ്വര്‍ണം കൂടുതല്‍ കേരളത്തില്‍
സ്വര്‍ണവില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ഗുണകരമാണ്. ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിനും മൂല്യം ഉയരുകയാണ്. ഇന്ത്യയില്‍ സ്വര്‍ണം കൈവശമുള്ളതില്‍ കേരളത്തിലാണ് ആളോഹരിയില്‍ കൂടുതലുള്ളത്. 25,000 ടണ്ണിലധികം സ്വര്‍ണമാണ് ഇന്ത്യയില്‍ ജനങ്ങളുടെ കൈവശമുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വികസിത രാജ്യങ്ങളായ അമേരിക്ക ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളുടെ റിസര്‍വ് സ്വര്‍ണത്തേക്കാള്‍ കൂടുതലാണിത്. അന്താരാഷ്ട്ര സ്വര്‍ണവില വര്‍ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വര്‍ണവിലയും കൂടുന്നത്.
വിഷു, ഈസ്റ്റര്‍, അക്ഷയ തൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണവില വര്‍ധിക്കുന്നത് ചെറിയതോതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങല്‍ ശക്തി കുറഞ്ഞിട്ടില്ല.
- സീമ മോഹന്‍ലാല്‍
നൂറ്റാണ്ടിന്റെ സ്വർണക്കുതിപ്പ് ഇങ്ങനെ
- 1925 മാര്‍ച്ച് 31 ന് 13.75 രൂപ
- 1935 മാര്‍ച്ച് 31 ന് 22.65 രൂപ
- 1945 മാര്‍ച്ച് 31 ന് 45.49 രൂപ
- 1955 മാര്‍ച്ച് 31 ന് 58.11 രൂപ
- 1965 മാര്‍ച്ച് 31 ന് 90.20 രൂപ
- 1975 മാര്‍ച്ച് 31 ന് 396 രൂപ
- 1985 മാര്‍ച്ച് 31 ന് 1,573 രൂപ
- 1995 മാര്‍ച്ച് 31 ന് 3,432 രൂപ
- 2005 മാര്‍ച്ച് 31 ന് 4550 രൂപ
- 2015 മാര്‍ച്ച് 31 ന് 19,760 രൂപ
- 2025 മാര്‍ച്ച് 31 ന് 67,400 രൂപ
- 2025 ഏപ്രിൽ 16 ന് 70,520 രൂപ