കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,620 രൂപയും പവന് 76,960 രൂപയുമായി. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ആഭരണം ആയി വാങ്ങണമെങ്കില്‍ നിലവില്‍ 83,500 രൂപ നല്‍കേണ്ടി വരും.
അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3448 ഡോളറും കൂടുതല്‍ ദുര്‍ബലമായ രൂപയുടെ വിനിമയ നിരക്ക് 88.18 ലും ആണ്.യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് മാത്രമല്ല വില ഉയരാന്‍ കാരണം. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ വന്‍ നിക്ഷേപം നടത്തിയവര്‍ ലാഭം എടുക്കാതെ മുന്നോട്ടു നീങ്ങുന്നതാണ് നിലവില്‍ വില വര്‍ധനയുടെ പ്രധാന കാരണം.
കഴിഞ്ഞ പല റിക്കാര്‍ഡ് കുതിപ്പുകളിലും ട്രോയ് ഔണ്‍സിന് 30 മുതല്‍ 60 ഡോളറിന്റെ വ്യത്യാസം വന്ന സാഹചര്യമായിരുന്നെങ്കില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ 15 മുതല്‍ 20 ഡോളറിന്റെ വ്യത്യാസമാണ് പ്രതിദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് കുറഞ്ഞുനിന്ന നിലവാരത്തില്‍ നിന്നാണ് ഓഗസ്റ്റ് എട്ടിലെ റിക്കാര്‍ഡും തകര്‍ത്ത് മുന്നോട്ട് നീങ്ങുന്നത്. 3500 ഡോളര്‍ മറികടന്നാല്‍ 3800 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം.
ആഗോള കറന്‍സി, പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണം, കരുതല്‍ ആസ്തി, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം ശക്തമായി തുടരുന്നു. വിലകളില്‍ ഒരുപക്ഷേ താല്‍ക്കാലിക ഇടിവ് അനുഭവപ്പെടാമെങ്കിലും, ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ശുഭാപ്തിവിശ്വാസം ശക്തമായ വിലവര്‍ധനവിന് കാരണമാകും.
ഓണത്തിന് റിക്കാര്‍ഡ് വിലയിലാണെങ്കില്‍, ദീപാവലിക്ക് സ്വര്‍ണവില ഗ്രാമിന് 10,000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
- സ്വന്തം ലേഖിക