കണ്ണൂർ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പരിപാടിയുടെ വേദിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ കൂടി ഉൾപ്പെടുത്തിയത് സംബന്ധിച്ച വിഷയം രാഷ്ട്രീയ ചർച്ചയാകുന്നു. ഇന്നലെ മുഴപ്പിലങ്ങാട്-ധർമടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തിയ വേദിയിലാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് സംഘാടകർ ഇരിപ്പിടമൊരുക്കിയത്.
മുൻ എംപി എന്ന നിലയിലാണ് കെ.കെ. രാഗേഷിനെ പരിപാടിയിൽ ഉൾപ്പടുത്തിയതെന്നാണ് ഉദ്ഘാടനം സംബന്ധിച്ചുള്ള സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞത്. അതേ സമയംജില്ലയിലെ മറ്റ് മുൻ എംപിമാരെ ആരെയും ഉൾപ്പെടുത്തിയതുമില്ല. മുൻ എംപിയെന്ന നിലയ്ക്കോ സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയ്ക്കോ കെ.കെ. രാഗേഷിനെ ടൂറിസം പ്രമോഷൻ കൗൺസിൽ ക്ഷണിച്ചിട്ടില്ലെന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നൽകിയ വിശദീകരണം.
ഇതോടെ കെ.കെ.രാഗേഷ് എങ്ങിനെ സർക്കാർ പരിപാടിയിൽ വേദിയിലെത്തി എന്ന കാര്യം ചർച്ചയാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റത്. സർക്കാർ പരിപാടികൾ പോലും സിപിഎം തങ്ങളുടെ പാർട്ടി പരിപാടികളാക്കി മാറ്റുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.