തൊടുപുഴ: ആയോധന കലയിൽ അഗ്രഗണ്യനായ പ്രശസ്ത കരാട്ടെ ഗ്രാന്റ് മാസ്റ്ററും ജപ്പാൻ സ്വദേശിയുമായ കാഞ്ചോ മസായ കൊഹാമ കഴിഞ്ഞ 15 വർഷത്തിനിടെ ഒരു തുള്ളി മരുന്നുപോലും കഴിച്ചിട്ടില്ലെന്നു പറഞ്ഞാൽ അദ്ഭുതം തോന്നും.
അടവുകളും ചുവടുകളുമായി ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന ഇദ്ദേഹത്തിന് പ്രായം 65 പിന്നിട്ടെങ്കിലും മനസിൽ യുവത്വം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ജീവിതത്തിന്റെ ചിട്ടവട്ടങ്ങളും ഭക്ഷണരീതിയുമെല്ലാം ഇദ്ദേഹത്തിന് കരുത്തും ശക്തിയും പകരുന്നു.
കരാട്ടെയിൽ ഒന്പതു ഗ്രേഡ് ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ഇദ്ദേഹം നിരവധി രാജ്യങ്ങൾ സന്ദർശിച്ച് കരാട്ടെയിൽ പരിശീലനം നൽകിവരുന്നു. ഇന്ത്യയിൽമാത്രം 10,000ത്തോളം ശിഷ്യൻമാരുണ്ട്. ഇതിൽ 100ഓളം പേർ കേരളത്തിലാണ്.
തന്റെ പത്താമത്തെ വയസിലാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. കേരളത്തിനു പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ ശിഷ്യരുള്ളത്. ലോകം ഏറെ ആദരിക്കുന്ന വ്യക്തിയാണ് കാഞ്ചോ മസായ കൊഹാമ.
ഷോട്ടോകാൻ കരാട്ടെയിലെ പേരുകേട്ട മാസ്റ്ററാണ് ഇദ്ദേഹം. മാസ്റ്റർ ടി. സുഷിമയുടെ കീഴിൽ 40 വർഷത്തിലേറെ പരിശീലനം നേടി. ജപ്പാൻ കരാട്ടെ അസോസിയേഷൻ അംഗവും ഷോട്ടോകാൻ കരാട്ടെ സ്ഥാപകനുമായ ഗിച്ചിൻ ഫുനാകോഷിയുടെ ശിഷ്യനും ഇന്റർനാഷണൽ ഷോട്ടോകൻ ഷോബുക്കൻ കരാട്ടെ അസോസിയേഷന്റെ സ്ഥാപകനുമാണ്.
ചീഫ് ഇൻസ്ട്രക്ടർ എന്ന നിലയിൽ നിരവധിയിടങ്ങൾ സന്ദർശിച്ച് പരിശീലനത്തോടൊപ്പം കരാട്ടെയുടെ പ്രസക്തി സംബന്ധിച്ച് സെമിനാറുകളും നടത്തിവരുന്നുണ്ട്.
ഇൻഡോ-ജപ്പാൻ ഫ്രണ്ട്ഷിപ്പ് ഓർഗനൈസേഷനായ ഫ്യൂജി ഗംഗയുടെ സ്ഥാപകനും ജപ്പാനിലെ മലയാളി സംഘടനകളുടെ സംയോജകനും ജപ്പാനിലെ ഹോട്ടൽ വ്യവസായിയുമായ കുടയത്തൂർ സ്വദേശി ജോജോ അഗസ്റ്റിന്റെ 60-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായാണ് കാഞ്ചോ മസായ കൊഹാമ തൊടുപുഴയിൽ എത്തിയത്.
- ജെയിസ് വാട്ടപ്പിള്ളിൽ