വിവാഹദിവസം അപകടത്തില്പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് എറണാകുളം ലേക്ഷോര് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില് വിവാഹിതയായ ആവണിയുടെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയായി. ന്യൂറോസര്ജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരന്റെ നേതൃത്വത്തില് ഇന്നലെ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12 ഓടെയാണ് അവസാനിച്ചത്.
ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്റെ പ്രധാന ഭാഗമായ എല്4 ഭാഗത്താണ് ആവണിക്ക് ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര് സങ്കീര്ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചെന്ന് ഡോ. സുധീഷ് കരുണാകരന് വ്യക്തമാക്കി. ന്യൂറോ സര്ജറി, എമര്ജന്സി, അനസ്തേഷ്യ, കാര്ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധസംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയത്. സര്ജറിക്കുശേഷം ആവണി ന്യൂറോ സയന്സസ് ഐസിയുവില് നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്ത്തത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ് ഒരുക്കങ്ങള്ക്കായി പോകുന്നതിനിടെ പുലര്ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര് കുമരകത്ത് അപകടത്തില്പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി വിപിഎസ് ലേക്ഷോറില് എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്റെ ആഗ്രഹപ്രകാരം നിശ്ചയിച്ച മുഹൂര്ത്തത്തില്ത്തന്നെ വിവാഹം നടത്തിയത്.
ചികിത്സ സൗജന്യമാക്കി ആശുപത്രി
അപകടത്തില് പരിക്കേറ്റ് എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രി ചികിത്സയില് കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താന് ആശുപത്രി ചെയര്മാന് ഡോ. ഷംഷീര് വയലില് നിര്ദേശം നല്കി. ആശുപത്രി വിവാഹത്തിനു വേദിയാകുന്നത് അപൂര്വ അനുഭവമാണെന്നും എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചതുപോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പര്ശിയാണെന്നും ഡോ. ഷംഷീര് പറഞ്ഞു.

