ലക്നോ: ഹൽദി ആഘോഷങ്ങൾക്കിടെ നവവധു ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. ഉത്തർപ്രദേശിലെ ഇസ്ലാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നൂർപുർ പിനൗനി ഗ്രാമത്തിലാണു സംഭവം.
ഞായറാഴ്ച രാത്രി ഹൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു ദിക്ഷ (22). ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ശുചിമുറിയിലേക്കു പോയി.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ദിക്ഷ പുറത്തു വരാതിരുന്നതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വാതിലിൽ മുട്ടി. എന്നാൽ പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ദിക്ഷ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. സംഭവസ്ഥലത്തുവച്ച് ഇവർ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.