കോഴിക്കോട്: കോഴിക്കോട്ടുനിന്നും തട്ടികൊണ്ടുപോയി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ വനത്തിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മുഖ്യപ്രതിയുടെ മൊഴി കളവെന്ന് പോലീസ്. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോൾ മൃതദേഹം കുഴിച്ചിടുകമാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതിയും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ നൗഷാദിന്റെ മൊഴി. എന്നാല്‍ ഹേമചന്ദ്രന് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ടെന്നും തൂങ്ങി മരിച്ചതല്ലെന്നുമാണ് ഇന്നലെ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ക്രൂരമായ മർദനവും കഴുത്തുഞെരിച്ചുള്ള ശ്വാസംമുട്ടിക്കലുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മുഖ്യപ്രതി നൗഷാദ് നൽകിയ കുറ്റസമ്മതമൊഴി തെറ്റാണെന്ന് ബോധ്യമായി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നൗഷാദിനെ ശാസ്ത്രീയമായി ചോദ്യം െചയ്യും. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നൗഷാദ് ഫേസ്ബുക്ക് വീഡിയോയിലൂടെയും നേരിട്ടും പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം.
അന്വേഷണസംഘം ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽനിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആർഡിഒയിൽനിന്ന് എക്സ്ഹ്യുമേഷൻ റിപ്പോർട്ടും കൈപ്പറ്റി. ഹേമചന്ദ്രന്റെ മൃതദേഹം മണ്ണിൽപ്പുതഞ്ഞ് കിടന്നിരുന്നെങ്കിലും ഒന്നേകാൽ വർഷത്തോളം മണ്ണിൽക്കിടന്നതുമൂലമുള്ള അഴുകൽ ശരീരത്തിലുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത് മണ്ണിന്റെ ഘടനയും തണുപ്പുംമൂലമാണെന്നാണ് ഫൊറൻസിക് വിഭാഗത്തിന്റെ നിരീക്ഷണം.
ആർഡിഒയുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിദഗ്ധരാണ് മൃതദേഹം മണ്ണിൽനിന്ന് പുറത്തെടുത്തത്. ഗൂഡല്ലൂർ ആർഡിഒയെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയാറാക്കിയ ഫൊറൻസിക് മെഡിസിൻ സർജനെയും സ്ഥലം തഹസിൽദാരെയും നേരിൽക്കണ്ട് അന്വേഷണസംഘം മൊഴികൾ രേഖപ്പെടുത്തി. നൗഷാദ് ഉൾപ്പെടെ നാലുപേരാണ് നിലവിൽ ഈ കേസിൽ അറസ്റ്റിലുള്ളത്.
കൂട്ടുപ്രതികളായ ജ്യോതിഷ്കുമാർ, അജേഷ്, വൈശാഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. മെഡിക്കൽ കോളജിനടുത്ത് മായനാട്ടെ വാടകവീട്ടിൽ രണ്ടുവർഷത്തോളമായി താമസിക്കുകയായിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാർച്ച് 20നാണ് കാണാതായത്. മാർച്ച് 22ന് ബത്തേരിയിലെ വാടക വീട്ടില്‍വച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം.
സ്വന്തം ലേഖകന്‍