ടെഹ്റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ അടുത്ത അനുയായിയും തീവ്ര ഇസ്ലാമിക നിലപാടുകാരനും ഹിജാബ് അനുകൂലിയും അധികാരശ്രേണിയിലെ ഉന്നതനുമായ റിയര്‍ അഡ്മിറല്‍ അലി ഷംഖാനി വിവാദത്തിൽ.
കഴിഞ്ഞവർഷം ഏപ്രിലിൽ നടന്ന ഷംഖാനിയുടെ മകളുടെ വവാഹമാണ് വിവാദത്തിന് അടിസ്ഥാനം. തലസ്ഥാനമായ ടെഹ്റാനിലെ ആഡംബര ഹോട്ടലായ എസ്പിനാസ് പാലസിൽ നടന്ന വിവാഹത്തിൽ പാശ്ചാത്യവേഷത്തിലായിരുന്നു ഷംഖാനിയുടെ മകൾ എത്തിയത്. ഗൗൺ ശരീരഭാഗങ്ങള്‍ കാണുന്ന വിധമുള്ളതാണ്. അദ്ദേഹത്തിന്റെ ഭാര്യയും സമാനമായ വസ്ത്രമാണു ധരിച്ചിരിക്കുന്നത്.
വിവാഹവേദിയിലുള്ള മറ്റു സ്ത്രീകളും ഹിജാബോ ഇറാനിലെ മറ്റു സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ഇസ്ലാമിക വേഷങ്ങളോ അല്ല ധരിച്ചിരിക്കുന്നത്. കൂടാതെ യാഥാസ്ഥിതിക ഇസ്ലാമിക മൂല്യങ്ങളെ പാടെ അവഗണിച്ചാണ് വിവാഹം നടത്തിയിരിക്കുന്നത്. പിതാവ് വധുവിനെ ആനയിച്ചു കൊണ്ടുവരുന്ന പാശ്ചാത്യശൈലിയിലുള്ള രീതിയാണു ഷംഖാനിയും കുടുംബവും സ്വീകരിച്ചിരിക്കുന്നത്.
വിവാഹത്തിന്റെ വീഡിയോ ശനിയാഴ്ചയാണ് പുറത്തുവന്നത്. വീഡിയോയില്‍ അഡ്മിറല്‍ ഷംഖാനി മകളുടെ കൈപിടിച്ച് ഒരു ഇടനാഴിയിലൂടെ വിവാഹ ഹാളിലേക്കു പ്രവേശിക്കുന്നതു കാണാം. വീഡിയോ പെട്ടെന്നുതന്നെ ഓണ്‍ലൈനില്‍ വൈറലാകുകയും ചെയ്തു.
ഇറാനിലെ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ് ഷംഖാനി. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനായിരുന്നു ഷംഖാനി എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
ഇസ്ലാമിക രീതിയിലുള്ള വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് 2022 സെപ്റ്റംബർ 16ന് മാഷാ അമിനി എന്ന 22കാരിയെ പോലീസ് പിടികൂടുകയും കസ്റ്റഡിയിൽ അവൾ മരിക്കുകയും ചെയ്തത് ഇറാനിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ 200ഓളം പേരാണു കൊല്ലപ്പെട്ടത്. നിരവധി പേരെ ഭരണകൂടം അറസ്റ്റ് ചെയ്യുകയുമുണ്ടായി. അതേസമയം, 2024ലെ വിവാഹദൃശ്യങ്ങൾ ചോർന്നതിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തി അലി ഷംഖാനി രംഗത്തെത്തി. ജനങ്ങളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നത് ഇസ്രയേലിന്റെ പുതിയ കൊലപാതകരീതിയാണെന്ന് അദ്ദേഹം ആരോപിച്ചു.