ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഐവി ബാധിതനായ യുവാവിനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തി. കുടുംബത്തിനു നാണക്കേടുണ്ടാവുമെന്നു ഭയന്നാണു കൊല നടത്തിയതെന്നാണു പ്രതികളുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ചിത്ര ദുര്ഗയിലാണു സംഭവം.
മല്ലികാര്‍ജുന്‍(23) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണു മല്ലികാർജുൻ.റോഡപകടത്തെത്തുടർന്നുണ്ടായ ചികിത്സയ്ക്കിടെ നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി ബാധിതനെന്നു കണ്ടെത്തുന്നത്.
മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനായി സഹോദിരിയും ഭർത്താവും വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മല്ലികാർജുൻ മരിച്ചെന്ന് അറിയിച്ച് നിഷയും ഭര്‍ത്താവും തിരികെ വരികയായിരുന്നു.
തന്റെ മകന്റെ അപ്രതീക്ഷിത മരണത്തെപ്പറ്റി പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിഷ താനും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നത്. യാത്രയ്ക്കിടയില്‍ വാഹനത്തിനുള്ളില്‍വച്ചു പുതപ്പ് ഉപയോഗിച്ച് മല്ലികാര്‍ജുനെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു.
മല്ലികാര്‍ജുന്‍ എച്ച്ഐവി ബാധിതനാണെന്നും പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും അതുകൊണ്ടാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും നിഷ വെളിപ്പെടുത്തി. വിവരം മനസിലാക്കിയ പിതാവ് തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.