ഹണിമൂണെന്ന് കേൾക്കുന്പോൾ തന്നെ മലയാളികളുടെ മനസിൽ ഓടിയെത്തുന്നത് മിഥുനം, ഞങ്ങൾ സന്തുഷ്ടരാണ് എന്നീ രണ്ട് സിനിമ പേരുകളാണ്. ഈ രണ്ട് ചിത്രത്തിലും കല്യാണശേഷം ഹണിമൂണിനു പോകുന്നത് വീട്ടുകാരെ എല്ലാവരേയും കൂട്ടിയാണ്. ചെക്കനും പെണ്ണും മാത്രം പോകുന്ന സ്ഥലങ്ങളിലെല്ലാം എല്ലാവരേയും കൂട്ടിപ്പോകുന്നത് കേൾക്കുന്പോൾ തന്നെ ചിരിയാണ് വരിക. എന്നാൽ കാലം മാറി, ഇപ്പോൾ ഇതൊരു ട്രെന്റായി മാറിയിരിക്കുകയാണ്.
ഹണിമൂണിന് പോകുന്ന ദന്പതികൾ ഇപ്പോൾ അവരുടെ കൂടെ മാതാപിതാക്കളെയും കൂടെ കൂട്ടുന്നു. ഇതിനുദാഹരണമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റ്. തന്റെ അയൽപക്കത്തുള്ളവർ ഹണിമൂണിന് പോയപ്പോൾ അവരുടെ അമ്മായി അമ്മയേയും അമ്മായി അച്ഛനേയും കൂടെ കൊണ്ടുപോയി. ഹണിമൂണിന് ഹവായിയിലേക്കുള്ള ദമ്പതികളുടെ യാത്രയ്ക്ക് പണം മുടക്കിയത് അവരായതിനാലാണ് അവരേയും കൂടെ കൂട്ടിയത് എന്നാണ് പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മിക്കവരും അവരുടെ ഹണിമൂൺ യാത്രയുടെ വിവരണമാണ് കമന്റ് ചെയ്തത്. കുടുംബത്തിലുള്ള എല്ലാവരേയും കൂട്ടി ഹണിമൂണിനു പോയ ആളുകളും ധാരാളമാണ്.