കൊല്ലം: വീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗറിൽ കവിത (46) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 ഓടെ ഇവരുടെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മധുസൂദനൻ പിള്ളയെ (54) കിളികൊല്ലൂർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും.
മകളുടെ മുന്നിൽ വച്ചാണ് മധുസൂദനൻ പിള്ള ഭാര്യ കവിതയെ ക്രൂരമായി ആക്രമിച്ചത്. സംഭവം കണ്ടു ഭയന്ന മകൾ സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ഉടൻ തന്നെ പോലീസ് എത്തി മധുസൂദനൻ പിള്ളയെ കസ്റ്റഡിയിൽ എടുത്തു. കവിതയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
കശുവണ്ടി വ്യാപാര മേഖലയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു മധുസൂദനൻ പിള്ള. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിളികൊല്ലൂർ പോലീസിന്റെ പ്രാഥമിക നിഗമനം.

