ന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ സഹോദരൻ ആസിഫ് ഖുറേഷി(42)യെ കുത്തിക്കൊന്നു. ഇന്നലെ രാത്രി രാത്രി പതിനൊന്നോടെ ഡൽഹി നിസാമുദീൻ ജംഗ്പുര ഭോഗൽ ലെയ്നിലാണു ദാരുണസംഭവം.
കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. തന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ അവിടെനിന്നു മാറ്റണമെന്ന് ആസിഫ് ഖുറേഷി രണ്ടുപേരോട് ആവശ്യപ്പെട്ടിരുന്നു. ഇതു ചെറിയ തർക്കത്തിനിടയാക്കി. താൻ മടങ്ങി വരുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ സ്ഥലത്തുനിന്നു മടങ്ങി.
അൽപ്പസമയത്തിന് പ്രതികളിലൊരാൾ തന്റെ സഹോദരനെയും കൂട്ടി ഇവിടേക്കെത്തുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആസിഫിനെ കുത്തുകയുമായിരുന്നു. ആസിഫിന്റെ ഭാര്യ സംഭവങ്ങൾ നേരിട്ടുകണ്ടിരുന്നു.
ആസിഫിനെ കൈലാഷിലെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി മുമ്പും തന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ആസിഫിന്റെ ഭാര്യ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.