ആസ്വദിച്ച് ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുന്പോൾ അരുചിയോടെ എന്തെങ്കിലും നാവിൽ തടഞ്ഞാൽ എന്താകും അവസ്ഥ? ക്ലെമെന്റി മാളിൽ അത്രമേൽ പ്രിയപ്പെട്ട ഫ്ലേവറിൽ ഡെസേർട്ട് കൊതിയോടെ നുണഞ്ഞു കഴിക്കുകയായിരുന്നു ലിൻ എന്ന 35കാരി. കഴിക്കുന്നതിനിടയിൽ എന്തോ ഒന്ന ലിന്നിന്റെ വായിൽ തടഞ്ഞു. ഐസ്ക്യൂബുകളാണെന്ന് കരുതി ആദ്യം അവ അവഗണിച്ചു. എന്നാൽ പിന്നേയും നാവിലൊക്കെ എന്തോ കട്ടിയിൽ തടയുന്നത് ശ്രദ്ധിച്ചപ്പോഴാണ് തന്റെ വായിൽ കുടുങ്ങിയതൊക്കെയും ഐസ് ക്യൂബുകൾ ആയിരുന്നില്ല മറിച്ച് അവയെല്ലാം പ്ലാസ്റ്റിക്കുകൾ ആണെന്ന് മനസിലായത്.
ലിൻ ഇതേക്കുറിച്ച് സ്റ്റോർ ജീവനക്കാരോട് പരാതിപ്പെട്ടു. എന്നിട്ടും ഫലം കിട്ടാതെ വന്നപ്പോൾ അവർ കന്പനിയോട് നേരിട്ട് പരാതിപ്പെടാൻ തയാറായി. എന്നാൽ കമ്പനി പ്രതിനിധി ലിന്നിന്റെ അവകാശവാദങ്ങൾ നിഷേധിക്കുകയും അവർക്ക് കഴിച്ച സാധനത്തിന്റെ പണം നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ അങ്ങനെ വിടാൻ ലിൻ തയാറല്ലായിരുന്നു. സ്റ്റോർ ജീവനക്കാരോട് തന്റെ ഡെസേർട്ട് പരിശോധിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് സ്റ്റോർ ജീവനക്കാരി ഒരു ഫിൽട്ടറിലൂടെ ഡെസേർട്ട് ഒഴിച്ചപ്പോൾ എട്ട് പ്ലാസ്റ്റിക് കഷണങ്ങൾ കൂടി കണ്ടെത്തി. എന്നാൽ ഇത് തങ്ങളുടെ കടയുടെ പ്രശ്നമല്ലന്നും ഇത് വിതരണം ചെയ്തവരുടെ പ്രശ്നമാണെന്നും പറഞ്ഞ് സംഭവത്തിൽ നിന്നും തടിയൂരാൻ നോക്കി. ലിൻ അവരെ ആരെയും വെറുതെ വിടാൻ തയാറാകാതെ നേരെ കോടതിയിലേക്ക് പോയി. 16,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മിസ് ലിൻ കേസ് ഫയൽ ചെയ്തു. തുടർ നടപടികൾക്കായി താൻ കാത്തിരിക്കുകയാണെന്ന് ലിൻ പറഞ്ഞു.