എഴുപത്തി എട്ടാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഇന്ത്യന്‍ താരം നിതാന്‍ഷി ഗോയല്‍. ഏറെ ശ്രദ്ധിക്കപ്പെട്ട ഹിന്ദി ചിത്രം ലാപതാ ലേഡീസിലെ പ്രധാനവേഷം അവതരിപ്പിച്ച അഭിനേത്രിയാണ് നിതാന്‍ഷി.
ഈ വര്‍ഷത്തെ ഓസ്കര് പുരസ്കാരത്തിനായുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. കാനിലെ റെഡ് കാര്‍പ്പറ്റിലെത്തിയ നിതാന്‍ഷി ഇന്ത്യയിലെ ഇതിഹാസങ്ങള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നു.
പാരമ്പര്യവും പുതുമയും ഒത്തിണങ്ങിയ വേഷവിധാനത്തിലാണ് നിതാന്‍ഷി ഗോയല്‍ കാനിലെ ഇന്ത്യന്‍ പരവതാനിയിലെത്തിയത്. മുത്തുകള്‍ കൊണ്ട് ബീ അഭിക ഒരുക്കിയ നിതാന്‍ഷിയുടെ ഹെയര്‍ ആക്സസറിയില്‍ ബോളിവുഡിലെ സുവര്‍ണതാരങ്ങളായ മധുബാല, രേഖ, ശ്രീദേവി, വൈജയന്തി മാല, ഹേമമാലിനി, വഹീദ റഹ്മാന് , നുതാന് എന്നിവരുടെ ചെറുഫോട്ടോഫ്രയിമുകളുണ്ടായിരുന്നു. ശ്രേയ് ആന്‍ഡ് ഉര്‍ജ ആണ് നിതാന്ഷിയെ ഒരുക്കിയത്.
നിഷ്കളങ്കതയുടെയും ചാരുതയുടെയും ആഘോഷം എന്നാണ് താരത്തിന്റെ ലുക്കിനെ ഡിസൈനര്‍മാര്‍ വിശേഷിപ്പിച്ചത്. ഫാഷനൊപ്പം ഇന്ത്യന്‍ അഭിനേത്രികളുടെ പാരമ്പര്യവും വിളിച്ചോതിയ നിതാന്‍ഷിയുടെ ലുക്കിന് വലിയ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.