തിരുവനന്തപുരം/കൊച്ചി: കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെപേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടിരൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഇഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തതോടെ ഇഡിക്കെതിരെ കടുത്ത വിമർശനമുയർത്തി ഭരണപക്ഷവും പ്രതിപക്ഷവും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ നിശിതമായി വിമർശിച്ച് സിപിഎം മുഖപത്രം മുഖപ്രസംഗമെഴുതിയപ്പോൾ രാഷ്ട്രീയ പ്രതിയോഗികളെ കേസിൽപ്പെടുത്തി തേജോവധം ചെയ്യാനുള്ള ഏജൻസിസായി ഇഡി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
തുറന്നുകാട്ടപ്പെടുന്നത് ഇഡിയുടെ അഴിമതിമുഖം എന്ന തലക്കെട്ടിൽ സിപിഎം മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ബിജെപിക്കാർക്കും ഇടനിലക്കാർക്കും പണം ഉണ്ടാക്കാൻ ഉള്ള സംവിധാനമാണ് ഇഡി എന്ന് വിമർശിക്കുന്നു. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കാരെ ഇഡി രക്ഷപ്പെടുത്തി എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
‘2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പലമടങ്ങ് വർധിച്ചെങ്കിലും പലതും ബിജെപിക്കും ഇടനിലക്കാർക്കും പണമുണ്ടാക്കാനുള്ളവയാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് കൊച്ചിയിൽ ഇഡി ഉന്നത ഉദ്യോഗസ്ഥനടക്കം പ്രതിയായ പുതിയ അഴിമതിക്കേസ്.കേന്ദ്രസർക്കാർ രാഷ്ട്രീയവേട്ടയ്ക്കും, ബിജെപിയും ചില ഉദ്യോഗസ്ഥരും സാമ്പത്തിക കൊള്ളയ്ക്കും ആയുധമാക്കുന്ന ഇഡിയുടെ അഴിമതിമുഖം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്’- മുഖപ്രസംഗത്തില്‍ പറയുന്നു.
ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ ഇഡിയുടെ സമീപനം വ്യത്യസ്തമാണെന്ന് കേരളം കണ്ടിട്ടുണ്ടെന്നും കൊടകര കുഴൽപ്പണക്കേസിൽ പണത്തിന്റെ ഉറവിടം അന്വേഷിക്കാതെ നാലു വർഷത്തോളം കേസ് മുക്കുകയായിരുന്നു ഇഡി എന്നും മുഖപ്രസംഗം പറയുന്നു. രാഷ്ട്രീയ മേലാളരുടെ താൽപ്പര്യത്തിന് വഴങ്ങി ഇഡി ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികളും ക്രമക്കേടുകളും സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് അവരെ ശിക്ഷിക്കേണ്ടതുണ്ടെന്നും മുഖപ്രസംഗം പറയുന്നു.
അതേസമയം കള്ളപ്പണ നിരോധന നിയമം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഇഡി രാഷ്ട്രീയ കേസുകളില്‍ മാത്രമാണ് ഇടപെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ കേസില്‍പ്പെടുത്തി തേജോവധം ചെയ്യാനുള്ള ഏജന്‍സിയായി ഇഡി മാറി. അവര്‍ എടുക്കുന്ന ഒരു ശതമാനം കേസുകള്‍പോലും തെളിയിക്കപ്പെടാറില്ല. സിപിഎമ്മുകാര്‍ക്കെതിരായ കേസുകളില്‍ ഇഡി ഒത്തുതീര്പ്പുണ്ടാക്കിയിരിക്കയാണെന്നും സതീശൻ പറഞ്ഞു.
വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇഡി തന്നെ നോട്ടീസയച്ച് അവരെ ഇടനിലക്കാര്‍ മുഖേന ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണ്. രാജ്യവ്യാപകമായി ഇഡിയെക്കുറിച്ച് പരാതിയുണ്ട്. വലിയൊരു ശതമാനം ഉദ്യോഗസ്ഥരും അഴിമതിക്കാരാണ്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് കൊച്ചിയിലുണ്ടായത്.
തെരഞ്ഞെടുപ്പു കഴിഞ്ഞ് മാസങ്ങളായിട്ടും കരുവന്നൂര്‍ കേസില്‍ ഒന്നും സംഭവിച്ചില്ല. 500 കോടിയോളം കള്ളപ്പണം തട്ടിയെടുത്ത കേസില്‍ സിപിഎമ്മുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. എല്‍ഡിഎഫിനെതിരേ ഒരു ഏജന്‍സിയും രാഷ്ട്രീയ വേട്ടയാടല്‍ നടത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസും ഒത്തുതീര്‍പ്പാക്കി. എല്ലാ കേസുകളും സെറ്റില്‍ ചെയ്തു. കൊടകര കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളും സെറ്റില്‍ ചെയ്തു. ഒത്തുതീര്‍പ്പ് ഉണ്ടായപ്പോഴാണ് അന്വേഷണങ്ങളെല്ലാം അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.