തൃശൂർ: വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടൽ എന്നിങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തപ്പോൾ ലാലേട്ടന്റെ മുഖം റെഡി.പശ്ചാത്തലത്തിൽ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ 65-ാം പിറന്നാളിനോടനുബന്ധിച്ച് ഡാവിഞ്ചി സുരേഷാണു ചിത്രം ഒരുക്കിയത്.
65 ഇനം പ്ലാവുകൾ ഉള്ള വേലൂരിലെ കുറുമാൽകുന്ന് വർഗീസ് തരകന്റെ ആയുർജാക്ക് ഫാമിനു നടുവിലാണ് ലോകത്താദ്യമായി ചക്കകൊണ്ടൊരു ചിത്രം തീർത്തത്. ഡാവിഞ്ചിയുടെ തൊണ്ണൂറ്റിഏഴാം മീഡിയം. എട്ടടി വലിപ്പത്തിൽ രണ്ടടി ഉയരത്തിൽ ഒരു തട്ടുണ്ടാക്കി തുണിവിരിച്ച് അതിൽ മോഹൻലാലിന്റെ മുഖം സ്കെച്ച് ചെയ്താണു ചക്കച്ചുളകളും ചക്കമടലുമെല്ലാം നിരത്തിയത്.
യുഎൻ അവാർഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻതോട്ടമായ ആയുർ ജാക്ക് ഫാമിലെ തൊഴിലാളികളും കാമറമാൻ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയുമാണു ഡാവിഞ്ചിക്കു സഹായികളായി ഉണ്ടായിരുന്നത്.
അഞ്ചു മണിക്കൂർകൊണ്ട് ഇരുപതോളം ചക്ക ഇതിനായി ഉപയോഗിച്ചു. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളി ചിത്രം കാണാനെത്തിയിരുന്നു.