ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരേ “ഭീകരരുടെ സഹോദരി’ എന്നു പറഞ്ഞ് ബിജെപി മന്ത്രി നടത്തിയ വർഗീയപരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ.
സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരേ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഐജി, ഡിഐജി, എസ്പി എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഇക്കാര്യം ഡിജിപി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.
വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. രാജ്യം നിങ്ങളെയോർത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് കോടതി വിമർശിച്ചത്.
മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.