തിരുവനന്തപുരം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും കവർന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ ആസിഫ്, ആഷ്ന, ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന എട്ട് പേർ എന്നിവർക്കെതിരെ കേസെടുത്തു.
ഇൻസ്റ്റഗ്രാമിലൂടെ അനുരാജുമായി അടുപ്പത്തിലായ യുവതി ഇയാളെ കഴക്കൂട്ടത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. യുവതിയുടെ നിർദേശ പ്രകാരം അവിടെയെത്തിയ യുവാവിനൊപ്പം ഇവർ കാറിൽ കയറുകയും ലൊക്കേഷൻ തട്ടിപ്പ് സംഘത്തിന് അയച്ച് കൊടുക്കുകയും ചെയ്തു.
അനുരാജിന്റെ കാർ പിന്തുടർന്ന തട്ടിപ്പ് സംഘം ബൈപാസ് ജംഗ്ഷനിലെത്തിയപ്പോൾ കാർ തടഞ്ഞ് നിർത്തുകയും തുടർന്ന് കഴുത്തിൽ കത്തി വച്ച് മാല പൊട്ടിച്ചെടുത്ത ശേഷം അനുരാജിനെ മർദ്ദിക്കുകയുമായിരുന്നു. മർദനം സഹിക്കാതെ വന്നപ്പോൾ കാർ ഉപേക്ഷിച്ച് അവിടെ നിന്നും അനുരാജ് ഓടി രക്ഷപെട്ടു. പിന്നീട് കഴക്കൂട്ടം പോലീസിൽ പരാതി കൊടുക്കുകയുമായിരുന്നു.