ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചരാഷ്ട്രപര്യടനത്തിന് ഇന്നു തുടക്കും. ഇന്ത്യൻ സമയം രണ്ടരയോടെ ഘാനയിലെ അക്രയിലെത്തുന്ന മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി കൂടിക്കാഴ്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും.
പ്രധാനമന്ത്രി ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്യും. നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.ജൂലൈ ഒന്പതുവരെയാണു പ്രധാനമന്ത്രിയുടെ വിദേശപര്യടനം. പത്തുവർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്.
ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണു പ്രധാനമന്ത്രി സന്ദർശിക്കുന്നത്. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം.
പ്രതിരോധരംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഘാനയിൽ മുപ്പതു വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ട്രിനിഡാഡിലേക്കും ടൊബാഗോയിലേക്കും ഇന്ത്യക്കാരുടെ വരവിന്റെ 180-ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ അർജന്റീന സന്ദർശനമാണിത്. ലിഥിയം, ചെമ്പ്, ഷെയ്ൽ ഓയിൽ, ഗ്യാസ് എന്നിവയുൾപ്പെടെ ഊർജ, ധാതു സഹകരണത്തിന്റെ പുതിയ മേഖലകൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്യും.