കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വര്‍ധിക്കുന്നു. തട്ടിപ്പിന് ഇരയാകുന്നവരിലേറെയും വീട്ടമ്മമാരും വിദ്യാര്‍ഥികളുമാണ്. പണം നഷ്ടമായവരുടെ എണ്ണം വര്‍ധിച്ചതോടെ ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. തട്ടിപ്പിലൂടെ 10,000 രൂപ മുതല്‍ കോടികള്‍വരെ നഷ്ടപ്പെട്ടവരുണ്ട്. കുറച്ച് പണം ദിവസവും നല്കി കൂടുതല്‍ പണം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ചാണ് പലരും തട്ടിപ്പിനിരയാകുന്നത്.
ജോലി വാഗ്ദാനം ടെലിഗ്രാമിലൂടെ
ടെലിഗ്രാമിലൂടെ ഓണ്‍ലൈന്‍ ജോലി വാഗ്ദാനമാണ് തട്ടിപ്പ് സംഘം നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരെയാണ് തട്ടിപ്പിന് കൂടുതലായും ഇരയാക്കുന്നത്. ഇത്തരത്തില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ വാട്സ് ആപ്പിലേയ്ക്ക് ലിങ്ക് അയച്ചു നല്കി ഇരയുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് വര്‍ക്കിംഗ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനും അതില്‍ ഒരു നിശ്ചിത തുക ആഡ് ചെയ്യാനും തട്ടിപ്പ് സംഘത്തില്‍ നിന്ന് നിര്‍ദേശം ലഭിക്കും.
വര്‍ക്കിംഗ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ തട്ടിപ്പുകാരുടെ തന്നെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കുന്നു. കൂടാതെ വരുമാനം ലഭിക്കുന്നതിനായി ദിവസവും പൂര്‍ത്തിയാക്കേണ്ട ടാസ്ക്കുകളുടെ വിശദവിവരങ്ങളും നല്‍കും. ഓരോ ടാസ്ക്കിനായും വ്യത്യസ്ത ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് ലിങ്കുകള്‍ ലഭിക്കുന്നത്.
ടാസ്ക്കുകള് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രതിഫലമായി വിവിധ അക്കൗണ്ടുകളില്‍ നിന്ന് തുകയും ഇരകളുടെ അക്കൗണ്ടിലേയ്ക്ക് എത്തും. ഇത്തരത്തില്‍ വിശ്വാസം നേടിയെടുത്ത ശേഷമാണ് വലിയ തുക ആവശ്യപ്പെട്ടുള്ള തട്ടിപ്പ്. ഇരകളുടെ അക്കൗണ്ട് ഫ്രീസായെന്നും പ്രതിഫലമായി ലഭിച്ച തുക തിരികെ ലഭിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കാനും പ്രേരിപ്പിക്കും. അപ്പോള്‍ മാത്രമാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം ഇടപാടുകാര്‍ മനസിലാക്കുന്നത്. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങി നിരവധിപ്പേരാണ് സംസ്ഥാനത്ത് ഈ തട്ടിപ്പ് സംഘത്തിന്റെ ചതിക്കുഴിയില്‍ പെടുന്നത്. പലരും പരാതി നല്കാന് മുതിരുന്നില്ലെന്നതും ഇവര്‍ക്ക് രക്ഷയാകുന്നുണ്ട്.
പരാതിപ്പെടാന്‍ മടിക്കേണ്ട…
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ https://cybercrime. gov.in/ എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കാം.
സ്വന്തം ലേഖിക