കോട്ടയം: അതിരമ്പുഴ കോട്ടമുറി സ്വദേശി ജെയ്നമ്മ കൊല ചെയ്യപ്പെട്ട കേസില്‍ ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേതെന്ന് തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനയിലാണ് രക്തകറ ജെയ്നമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
ജൂലൈ 28ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ ഒരു ഭാഗത്തു നിന്നു രക്തകറ കണ്ടെത്തിയത്. പിന്നീട് വിശദമായി സെബാസ്റ്റ്യന്റെ കിടപ്പുമുറിയില്‍ നിന്നു ശുചിമുറിയില്‍ നിന്നും രക്തകറ കണ്ടെത്തിയിരുന്നു. ഈ രക്തകറ ആരുടേതാണെന്ന് അറിയില്ലെന്നാണ് സെബാസ്റ്റ്യന്‍ പോലീസിനു നല്കിയ മൊഴി.
ഡിഎന്‍എ ഫലം അടുത്ത ദിവസം ലഭിക്കാനിരിക്കെയാണ് രക്തകറ ജെയ്നമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത് നിര്‍ണായകമാകും. കോട്ടയം ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നടത്തിയ പപരിശോധനയിലാണു സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്ന് അസ്ഥി ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
സെബാസ്റ്റ്യനെ രണ്ടാഴ്ച ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാടുണ്ടായിരിക്കെ സമാന രീതിയില്‍ കാണാതായ ചേര്‍ത്തല സ്വദേശിനികളായ ബിന്ദു പത്മനാഭന്, ഐഷ, സിന്ധു എന്നിവരെയും ഇയാള്‍ അപായപ്പെടുത്തിയതായാണ് പോലീസ് നൽകുന്ന സൂചന.
ഡിഎന്‍എ ഫലം ഈ മൂന്നു പേരില്‍ ഒരാളുടെതാകാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ജെയ്നമ്മയെ എങ്ങനെ കൊലപ്പെടുത്തി എന്നത് കണ്ടെത്തേണ്ടിവരും. ചേര്‍ത്തലയിലെ വീട്ടില്‍ മൂന്നു വര്‍ഷം മുന്‍പ് ഇയാള്‍ മൂടിക്കളഞ്ഞ കിണര്‍ വീണ്ടും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം. ചേര്‍ത്തല കുരിശുപളളി കവലയില്‍ സെബാസ്റ്റ്യന്റെ സഹോദരന്റെ പേരിലുള്ള കാടുകയറിയ 30 സെന്റ് സ്ഥലവും പരിശോധനയ്ക്ക് വിധേയമാക്കും. ഈ സ്ഥലം സെബാസ്റ്റ്യന്റെ മേല്‍നോട്ടത്തിലായിരുന്നു.