താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ഉണ്ണി ശിവപാൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്.
വൈസ് പ്രസിഡന്റുമാരായി ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെള്ളി രാവിലെ പത്തിന് തുടങ്ങിയ വോട്ടെടുപ്പ് അവസാനിച്ചത് ഉച്ചയോടെയാണ്.
233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. 298 പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്.
ദേവനും ശ്വേത മേനോനുമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. . രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു.
ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവർ ട്രഷറർ സ്ഥാനത്തേക്കുമാണ് മത്സരിച്ചത്.
സ്ത്രീകൾക്ക് നാല് സീറ്റ് സംവരണമുള്ള എക്സിക്യൂട്ടീവിൽ അഞ്ജലി നായർ, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹൻ എന്നിവരാണ് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് ഓഗസ്റ്റ് 27ന് അമ്മയുടെ ഭരണസമിതി രാജിവച്ചൊഴിഞ്ഞത്. ഇതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ശ്വേത മേനോന് എതിരേ അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന് ആരോപിച്ച് കേസ് വരെ രജിസ്റ്റർ ചെയ്യപ്പെട്ടു. ആരോപണങ്ങളോടും കുത്തുവാക്കുകളോടുമെല്ലാം പടപൊരുതിയാണ് ശ്വേത മേനോൻ അമ്മയുടെ തലപ്പത്ത് ഇപ്പോൾ എത്തി നിൽക്കുന്നത്.