പത്തനംതിട്ട: കിഴക്കൻ മേഖലയിൽ രണ്ടു ദിവസമായി തുടരുന്നതും ജലവൈദ്യുത പദ്ധതിയുടെ സംഭരണികൾ തുറന്നതും കാരണം പന്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി – ആനത്തോട് സംഭരണിയുടെ രണ്ട് ഷട്ടറുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് തുറന്നു. 30 സെന്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. കക്കി – ആനത്തോട് സംഭരണിയിൽ 80.69 ശതമാനം മാത്രമേ ജലനിരപ്പ് ഉയർന്നിട്ടുള്ളെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്.
2018, 2019 പ്രളയകാലയളവിനു ശേഷം ജലനിരപ്പ് 80 ശതമാനത്തിനു മുകളിലേക്കെത്തുന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറന്നു ക്രമീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. 2018ൽ സംഭരണി പൂർണമായി നിറയുന്നതുവരെ കാത്തിരുന്നതും അധിക മഴയും പ്രളയക്കെടുതിയിൽ മുക്കിയതോടെയാണ് ഡാം സുരക്ഷ അഥോറിറ്റിയുടെ മുന്നറിയിപ്പ് മാനുവൽ പുതുക്കിയത്.
നദിയിൽ ഇറങ്ങരുത്
കക്കി സംഭരണിയുടെ ഷട്ടറുകൾ തുറക്കുന്പോൾ പുറത്തേക്കു വരുന്ന ജലം രണ്ടു മണിക്കൂറിന് ശേഷം പമ്പാ ത്രിവേണിയിലും ആറു മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും. ഇതുമൂലം നദിയിലെ ജലനിരപ്പ് 30 സെന്റിമീറ്റർ വരെ ഉയരും. മഴ തുടരുന്നതിനാലും മൂഴിയാർ സംഭരണിയുടെ ഷട്ടറുകളും തുറന്നിരിക്കുന്നതിനാലും പന്പാനദിയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്.
നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദിയില് ഇറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. പന്പ സംഭരണിയിൽ 55 % ജലനിലപ്പ് പന്പ സംഭരണിയിൽ 55.55 ശതമാനമാണ് ജലനിരപ്പ്. 978.45 മീറ്ററിൽ ജലനിരപ്പ് എത്തിയിട്ടുണ്ട്.
981.46 മീറ്ററാണ് സംഭരണശേഷി. മൂഴിയാറിന്റെ രണ്ടാം നന്പർ ഷട്ടർ വെള്ളിയാഴ്ച തുറന്നു. പന്പാനദിയിൽ അയിരൂർ ഭാഗത്ത് ഇന്നലെ 6.96 മീറ്റർ, മാരാമണ്ണിൽ 5.66 മീറ്റർ, ആറന്മുള 5.11 മീറ്റർ എന്നിങ്ങനെയാണ് ഇന്നലെ ജലനിരപ്പ്. അച്ചൻകോവിലാറിന്റെ തുന്പമൺ ഭാഗത്ത് 8.06 മീറ്ററും പന്തളത്ത് മീറ്ററും ജലനിരപ്പ് രേഖപ്പെടുത്തി. മണിമലയാറിന്റെ കല്ലൂപ്പാറ ഭാഗത്ത് 4.11 മീറ്ററിൽ ജലനിരപ്പ് എത്തി.