ശാരീരികവും മാനസികവുമായി നല്ല ആരോഗ്യം കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില ചികിത്സാരീതികൾ ആയുർവേദശാസ്ത്രത്തിൽ പരാമർശിക്കുന്നു. അതിൽ ഒന്നാണ് പഞ്ചകർമ ചികിത്സ.ശരീരത്തിന് സന്തുലിതാവസ്ഥ കൈവരിക്കാൻ അഞ്ച് രീതികളുടെ ഒരു സംയോജനമാണ് പഞ്ചകർമ.
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സകൾ ഇതിൽ ഉൾപ്പെടുന്നു. ദോഷകരമായ മാലിന്യങ്ങളെ ശരീരത്തിനുള്ളിൽ നിന്നു പുറന്തള്ളുന്നതിന് ഈ ചികിത്സ സഹായകം. ഓരോ വ്യക്തിയുടേയും പ്രകൃതി, പ്രായം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ചു ചികിത്സ വ്യത്യാസപ്പെട്ടിരിക്കും. പഞ്ചകർമ ചികിത്സയിലൂടെ ശരീരത്തിലെ കോശങ്ങൾക്ക് ഉണർവ് വരികയും ശാരീരിക ചക്രങ്ങളെ ഉണർത്തുകയും ചെയ്യുന്നു. അതുപോലെ ശാരീരികവും മാനസികവുമായി ഉന്മേഷം പഞ്ചകർമ ചികിത്സയിലൂടെ
ലഭിക്കുന്നു.
21 ദിവസം നീണ്ടുനിൽക്കുന്ന ഈ ചികിത്സയിൽ കൃത്യമായി ചില നിയന്ത്രണങ്ങളും പഥ്യങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. അതിനാൽ രോഗപ്രതിരോധശേഷി കൂട്ടാനും ശരീര ബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നു കഞ്ഞി ഔഷധപ്രയോഗം, ശോധന ചികിത്സ, ആഹാരനിയന്ത്രണം എന്നിവയിലൂടെ സാധിക്കും.
മരുന്നുകഞ്ഞി
തവിടു കളയാത്ത ഞവര അരി – 100 ഗ്രാം. ഉലുവ – 5 ഗ്രാം. ആശാളി – 5 ഗ്രാം. ജീരകം – 5 ഗ്രാം. കാക്കവട്ട് – ഒന്നിന്റെ പകുതി. പച്ചമരുന്നുകൾ
( മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ) എന്നിവ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്തു പച്ചമരുന്നുകൾ ഇടിച്ചുപിഴിഞ്ഞു നീരെടുക്കുക.
തയാറാക്കുന്ന വിധം
ആറിരട്ടി പച്ചമരുന്നു നീരിൽ ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ചെറുതീയിൽ വേവിക്കുക. പകുതി വേകുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക. അരി വെന്തു കഴിഞ്ഞാൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്ക്കാം. അര സ്പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് ചേർക്കുക. തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.
തിരക്കുപിടിച്ച ആധുനികകാലത്ത് ശരീരസംരക്ഷണം പ്രധാനം. ജീവിതശൈലീരോഗങ്ങൾ വലിയതോതിൽ കണ്ടുവരുന്ന ഈ കാലത്ത് വ്യക്തിദോഷങ്ങൾക്ക് അധിഷ്ഠിതമായ ചികിത്സാരീതികൾ ഫലപ്രദമാണെന്ന് ആയുർവേദം തെളിയിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് രൂപപ്പെട്ട ആയുർവേദശാസ്ത്രം സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് സജീവമായി ഇന്നും നിലനിൽക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിനും അതുവഴി സ്വസ്ഥമായ ശരീരവും സ്വസ്ഥമായ മനസും രൂപപ്പെടുത്തി ആരോഗ്യപൂർണമായ ഒരു പരിസരം വളർത്തിയെടുക്കുന്നതിന് നിർണായകമായ ഒന്നാണ് കർക്കടക ചികിത്സ.