കൊല്ലം: നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് ട്രെയിൻ കൊല്ലത്തേയ്ക്ക് സർവീസ് നീട്ടിയേക്കും. ഇതു സംബന്ധിച്ച് റെയിൽവേ ബോർഡിൻ്റെ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.ഈ ട്രെയിൻ കൊല്ലം വരെ ദീർഘിപ്പിക്കുന്നതിന് റെയിൽവേ ബോർഡ് നേരത്തേ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്.
നിലവിലുള്ള ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് പുനക്രമീകരിക്കുന്നതിന് റെയിൽവേ ബോർഡിൻ്റെ അന്തിമ അംഗീകാരം ലഭിച്ചതിന് ശേഷം ട്രെയിൻ കൊല്ലത്തിന് നീട്ടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.കോട്ടയം വഴി നിലവിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ നിലവിലെ എട്ട് കോച്ചുകളിൽ നിന്നും 12, 16 കോച്ചുകളായി വർധിപ്പിക്കാനുള്ള നിർദേശവും റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
ഇതിന് ആവശ്യമായ പുതിയ അധിക റേക്കുകൾ ഉടൻ കൊല്ലത്തെ മെമു ഷെഡിൽ എത്തും. ഇതോടെ ഈ റൂട്ടിലെ പ്രതിദിന യാത്രക്കാരുടെ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗളുരു – തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചുള്ള വിജ്ഞാപനവും ഉടൻ പുറത്തിറങ്ങും.
ഇത് കൂടാതെ കോവിഡ് കാലത്തിന് മുമ്പ് ശാസ്താംകോട്ടയിലും ചങ്ങനാശേരിയിലും ഒരു ദിശയിൽ മാത്രം ഉണ്ടായിരുന്ന സ്റ്റോപ്പ് നിർത്തലാക്കിയ മംഗളുരു – തിരുവനന്തപുരം എക്സ്പ്രസിൻ്റെ സ്റ്റോപ്പും ചങ്ങനാശേരിയിലെ ജനശതാബ്ദി എക്സ്പ്രസിൻ്റെ സ്റ്റോപ്പും താമസിയാതെ പുനസ്ഥാപിക്കാനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
എറണാകുളത്ത് നിന്ന് കൊല്ലം വഴി വേളാങ്കണ്ണിക്ക് പോകുന്ന എക്സ്പ്രസ് ട്രെയിൻ നിലവിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് നടത്തുന്നത്. ആവശ്യത്തിന് യാത്രക്കാർ ഉള്ളതിനാൽ ഇത് മൂന്ന് ദിവസമായി ഉയർത്താനും റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ഈ ട്രെയിൻ പ്രതിദിന സർവീസായി മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ചില സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടലും നവീകരണവും, റേക്കുകകളുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട അന്തിമ ക്രമീകരണങ്ങൾ പൂർത്തിയാകുമ്പോൾ അതും ഉടൻ നടപ്പിലാകും എന്നാണ് സൂചനകൾ.