വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തി അമേരിക്ക ഔദ്യോഗികമായി പൊതു അറിയിപ്പ് പുറപ്പെടുവിച്ചു. പുതിയ തീരുവ നാളെ പുലർച്ചെ മുതൽ പ്രാബല്യത്തിൽ വരും. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) വഴി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുറപ്പെടുവിച്ച നോട്ടീസിൽ അധിക തീരുവ സംബന്ധിച്ച് ഓഗസ്റ്റ് 6 ന് ഡോണൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഓർഡർ നടപ്പാക്കുന്നതായി വ്യക്തമാക്കുന്നു.
നോട്ടീസിന്റെ അനുബന്ധത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിവിധതരം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഈ തീരുവ ബാധകമാകും. ഉപയോഗത്തിനായി എത്തുന്നതോ സമയപരിധിക്കുശേഷം വെയർഹൗസുകളിൽ നിന്ന് കൊണ്ടു പോകുന്നതോ ആയ ഏതൊരു സാധനത്തിനും തീരുവ ബാധകമാകും.
റഷ്യയുടെ വ്യാപാര പങ്കാളികളെയാണ് ഈ ഉത്തരവിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.കരാർ യാഥാർഥ്യമാകുന്നില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ അധികതീരുവ ചുമത്തുകയോ മോസ്കോയ്ക്കു മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയോ ചെയ്യുമെന്നു യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൂചന നൽകിയിരുന്നു. യുഎസിന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ “വളരെ വലിയ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പുനൽകി. ഇതുവരെ, ചൈന ഉൾപ്പെടെ റഷ്യൻ എണ്ണ വാങ്ങുന്ന മറ്റു രാജ്യങ്ങൾക്കെതിരേ അധിക തീരുവ ചുമത്തുന്നത് യുഎസ് ഒഴിവാക്കിയിരിക്കുകയാണ്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള പിഴയായി, ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്നതോടെ മൊത്തത്തിലുള്ള ലെവി 50 ശതമാനമായി. അധിക തീരുവ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമെന്ന് ഇന്ത്യ പ്രതികരിച്ചു. അതേസമയം, സമാധാന ചർച്ചകളിലെ പുരോഗതി വർധിപ്പിച്ച തീരുവകളുടെ ആവശ്യകത ഇല്ലാതാക്കുമെന്നും ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.
ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കി. മൊത്തത്തിലുള്ള തീരുവ 50 ശതമാനമായി ഉയർത്താനുള്ള യുഎസ് നീക്കത്തെ “അങ്ങേയറ്റം നിർഭാഗ്യകരം” എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. വാഷിംഗ്ടണിൽ നിന്നുള്ള സാമ്പത്തിക സമ്മർദ്ദം കണക്കിലെടുക്കാതെ തന്റെ സർക്കാർ ഒരു വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുചടങ്ങിൽ നയം വ്യക്തമാക്കി.
“എത്ര സമ്മർദം വന്നാലും, അതിനെ ചെറുക്കാനുള്ള ശക്തി ഞങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കും. ഇന്ന്, ആത്മനിർഭർ ഭാരത് അഭിയാന് ഗുജറാത്തിൽ നിന്ന് ധാരാളം ഊർജം ലഭിക്കുന്നുണ്ട്, ഇതിന് പിന്നിൽ രണ്ട് പതിറ്റാണ്ടുകളുടെ കഠിനാധ്വാനമുണ്ട്…” അഹമ്മദാബാദിൽ ഒരു പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.