പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് എന്നാണ് പേരെങ്കിലും ഇപ്പോൾ ഇവിടെ തന്പടിക്കുന്നതു ബസുകളേക്കാൾ കൂടുതൽ സാമൂഹ്യവിരുദ്ധർ. മദ്യപിച്ചു ലക്കു കെട്ടവർക്ക് ഉറങ്ങാനും തമ്മിൽത്തല്ലാനും ചീത്തവിളിക്കാനുമൊക്കെ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തതുപോലെയാണ് ഇവിടത്തെ അന്തരീക്ഷം. പാലാ നഗരസഭയുടെ വ്യാപാരകേന്ദ്രങ്ങളിലൊന്നായ കൊട്ടാരമറ്റത്തെ ഷോപ്പിംഗ് കോംപ്ലക്സ് മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിട്ടും അധികൃതർ അനങ്ങിയിട്ടില്ല.
മറിച്ചു വാടക
ബസ് ടെര്‍മിനലിന്റെ മുന്‍വശത്ത് പുറത്തേക്കു ഷീറ്റ് ഘടിപ്പിച്ചതോടെ രണ്ടും മൂന്നും നിലകളുടെ കാഴ്ച നഷ്ടമായി. ഇതോടെ രണ്ടും മൂന്നും നിലകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാൻ വ്യാപാരികള്‍ വിമുഖത കാട്ടി. ഓഫീസുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഏതാനും സ്ഥാപനങ്ങള്‍ മാത്രമേ ഇപ്പോള്‍ ഈ നിലകളില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.
ബാക്കി ചില മുറികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസത്തിനു വാടകയ്ക്ക് എടുത്തിരിക്കുകയാണ്. നഗരസഭയില്‍നിന്നു വാടകയ്ക്കെടുത്ത ചിലർ അന്യസംസ്ഥാന തൊഴിലാളികള്‍ക്കു മറിച്ച് വാടകയ്ക്കു മുറികള്‍ നല്‍കിയതാണെന്നും ആക്ഷേപമുണ്ട്.
ദുർഗന്ധപൂരിതം
ആവശ്യത്തിനു ശുചിമുറികള്‍ ഒന്നുമില്ലാത്തതിനാല്‍ തിണ്ണയിലും ടെറസിലും ഷീറ്റിലുമൊക്കെ മലമൂത്ര വിസര്‍ജനം നടത്തുന്നതും പതിവാണ്. ദുർഗന്ധം കാരണം മുകള്‍ നിലയിലേക്കു കയറാൻ തന്നെ പ്രയാസമാണ്.പുറമേനിന്നു നോക്കിയാല്‍ കാഴ്ച കിട്ടാത്തതിനാല്‍ മദ്യപരുടെയും അഴിഞ്ഞാട്ടക്കാരുടെയും അനാശാസ്യക്കാരുടെയും ആസ്ഥാനം കൂടിയാണ് കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍.
ബസ് സ്റ്റാൻഡിനോടു ചേര്‍ന്നുള്ള കെട്ടിടമായതിനാല്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ എത്തുന്നവരും ബസില്‍ കയറാന്‍ എത്തുന്ന വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരും ഏറെ ദുരിതത്തിലാണ്. അനിഷ്ടകരമായ പല സംഭവങ്ങളും അരങ്ങേറിയിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാരും വ്യാപാരികളും.