ഇന്ന് എന്ത് ചെയ്താലും സിസിടിവികൾ രണ്ട് കണ്ണും തുറന്ന് നമ്മളെ നോക്കിക്കൊണ്ടിരിക്കുന്ന കാലമാണെന്ന് വേണം പറയാൻ. പണ്ടൊക്കെ മോഷണംനടന്നാൽ കള്ളനെ പിടിക്കാൻ പെടാപ്പാട്പെട്ടിരുന്നു. സിസിടിവിയുടെ വരവോടെ മുട്ടൻ പണി കിട്ടിയിരിക്കുന്നത് കള്ളൻമാർക്കാണ്. അത്തരമൊരു മോഷണ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ഹെയർ സലൂണിലാണ് സംഭവം. എന്ത് സ്ഥാപനമായാലും അവിടെ വിളക്ക് വച്ച് പ്രാർഥിച്ച ശേഷം മാത്രമേ ചില ആളുകൾ അന്നത്തെ അവരുടെ ജോലി തുടങ്ങുകയുള്ളൂ. ഈ സലൂണിലും വിളക്ക് കത്തിച്ച് വച്ചിരുന്നു. ഒരു താലത്തിലാണ് വിളക്ക് വച്ചിരുന്നത്. താലത്തിനുള്ളിൽ കുറച്ച് പണവും ദക്ഷിണ പോലെ വച്ചിരുന്നു.
രണ്ട് ചെറുപ്പക്കാർ സലൂണിലേക്ക് കയറി വന്നു. ഇവരെ കണ്ടിട്ട് എന്തോ പന്തികേട് തോന്നിയിട്ടാകാം പിന്നാലെ സെക്യൂരിറ്റിയും അകത്ത് വന്നു നിന്നു. സലൂണിൽ സെക്യൂരിറ്റിക്ക് പുറമേ രണ്ട് ജീവനക്കാരികളായിരുന്നു ഉണ്ടായിരുന്നത്. ഒരാൾ റിസപ്ഷനിലാണ് നിന്നത്. മറ്റേ യുവതി ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. അകത്ത് കയറി വന്ന ചെറുപ്പക്കാർ റിസപ്ഷനിൽ നിന്ന പെൺകുട്ടിയോട് എന്തൊക്കെയോ ചോദിക്കുന്നത് വീഡിയോയിൽ കാണാം.
ആ സമയം ചെറുപ്പക്കാരിൽ ഒരാൾ വിളക്ക് കത്തിച്ചുവച്ച താലത്തിൽ നിന്നും പണം സാവധാനം കൈക്കലാക്കുന്നത് കാണാം. അവിടെ ഉണ്ടായിരുന്ന ആരും താൻ ചെയ്യുന്ന പ്രവർത്തി കണ്ടില്ലന്ന ആശ്വാസത്താൽ യുവാവ് പണവുമായി കൂട്ടുകാരനൊപ്പം പോയി.
എന്നാൽ ഇപ്പോൾ ലോകം മുഴുവനും യുവാവ് ചെയ്ത പ്രവർത്തി കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാം കണ്ടുകൊണ്ട് സിസിടിവി മുകളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായി. ആരും കണ്ടില്ലന്ന് ചെയ്ത കാര്യം ഇന്ന് ലോകമെന്പാടും കണ്ടു എന്നാണ് വീഡിയോ കണ്ടവർ കമന്റ് ചെയ്തത്.