കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ കെ.എം ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.നിലവില്‍ ആലുവ സൈബര്‍ ക്രൈം സ്റ്റേഷനില്‍ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഷൈനിന്റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്റെ വാദം.
രണ്ട് ദിവസം മുമ്പ് കെ.ജെ ഷൈനിന്റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാന് പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരില്‍ ഷൈന്‍ നല്കിയ പുതിയ പരാതിയിലാണ് അറസ്റ്റ്.
യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ.എം. ഷാജഹാന് നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അതിനുപിന്നാലെയാണ് ഇന്നലെ രാത്രി വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
നിലവില്‍ ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിണറായി വിജയനെതിരെ ഉള്‍പ്പെടെ ഒരുപാടുണ്ട് പറയാനുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയെത്തുമ്പോള്‍ പ്രതികരിക്കാം എന്നും ഷാജഹാന് മാധ്യമങ്ങളോടു പറഞ്ഞു.

