താമരശേരി: സ്വത്തിന്റെ പേരില്‍ എഴുപത്തഞ്ചുകാരിയായ അമ്മയെ മര്‍ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു.
പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷി (45) നെയാണ് താമരശേരി പോലീസ് അറസ്റ്റു ചെയ്തത്. സ്വത്ത് തന്റെ പേരില്‍ എഴുതിത്തരണമെന്നും സ്വര്‍ണം നല്‍കണമെന്നും ആവശ്യപ്പെട്ട് മദ്യലഹരിയിലാണ് ബിനീഷ് അമ്മ മേരിയെ മര്‍ദിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30നായിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്നും സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്നും പറഞ്ഞു തന്നെ തല്ലുകയും രണ്ടു കൈകൊണ്ട് കഴുത്തില്‍ ശക്തിയായി ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നാണ് മേരിയുടെ പരാതി.
താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മേരിയും ബിനീഷും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ബിനീഷ് സ്ഥിരം മദ്യപാനിയാണ്. ഇയാള്‍ പതിവായി മേരിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്ഥിരം മദ്യപാനിയായതിനാല്‍ ഇയാളെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയിരുന്നു.പല പ്രാവശ്യം ബിനീഷിനെ ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.