കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ തീയതി അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കാനിരിക്കെ മുന്നണികളും പാര്‍ട്ടികളും ഒരുക്കങ്ങള്‍ ആരംഭിച്ചു.തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവില്‍ പഞ്ചായത്തുകളില്‍ വികസന സദസാണ് ഭരണപക്ഷം സംഘടിപ്പിക്കുന്നത്.
പ്രതിപക്ഷമാകട്ടെ വികസനസദസുകള് സര്‍ക്കാരിന്റെ ധൂര്‍ത്തും തട്ടിപ്പുമാണെന്ന് ആരോപിച്ച് ബഹിഷ്കരിക്കുകയാണ്. പകരം അവര്‍ യുഡിഎഫ് ഭരണമുള്ള പഞ്ചായത്തുകളില്‍ പ്രത്യേക വികസന പരിപാടികളും എല്‍ഡിഎഫ് ഭരണമുള്ളടത്ത് കുറ്റപത്ര വിചാചരണ സദസുകളും സംഘടിപ്പിക്കും.
ബിജെപിയാകട്ടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വാര്‍ഡുകളിലെ എല്ലാ വീടുകളിലും ഗൃഹസമ്പര്‍ക്കമാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി വോട്ടുറപ്പിക്കാനുള്ള പരിപാടികള്‍ മൂന്നു മുന്നണികളും ഊര്‍ജിതമായി നടത്തുന്നുണ്ട്.
യുഡിഎഫിന്റെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും തുടക്കവുമായിരുന്നു ശനിയാഴ്ച കോട്ടയത്ത് നടന്ന നിലപാട് വിശദീകരണ യോഗം. പ്രതിപക്ഷ നേതാവും യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും പങ്കെടുത്ത മഹാ സമ്മേളനത്തോടെ യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
നിയോജക മണ്ഡലം തലത്തില്‍ യോഗങ്ങളും പരിപാടികളും അടുത്തയാഴ്ച യുഡിഎഫ് ആരംഭിക്കും. പഞ്ചായത്തുതലത്തില്‍ വികസന സമ്മേളനങ്ങളും എല്‍ഡിഎഫ് ഭരണമുളള സ്ഥലങ്ങളില്‍ കുറ്റപത്ര വിചാരണ സദസുകളും സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നേതൃയോഗവും യുഡിഎഫ് പൂര്‍ത്തിയാക്കി.
എല്‍ഡിഎഫാകട്ടെ ഒക്ടോബര്‍ ഒന്നു മുതല്‍ എല്ലാ പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലും ജനകീയ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. ജനകീയ സംഗമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടില്‍. ഇതു കൂടാതെ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുന്ന വികസന സദസ് വിജയിപ്പിക്കേണ്ട ചുമതലയും എല്‍ഡിഎഫ് ഏറ്റെടുത്തിട്ടുണ്ട്.
വികസനസദസിലൂടെ പരമാവധി ജനപിന്തുണ നേടാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. സിപിഎമ്മും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും പ്രത്യേകമായി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ താഴെത്തട്ടില്‍ വരെ പൂര്്ത്തിയാക്കിയിരുന്നു.കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലായിലെ മേവടയില്‍ നടത്തി കലുങ്ക് സഭയോടെയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഇന്നു മുതല്‍ വീടുകള്‍ കയറിയുള്ള ജനകീയ സമ്പര്‍ക്കം ബിജെപി ആരംഭിക്കും.
ആദ്യം നറുക്കെടുക്കട്ടെ
കോട്ടയം: പൊതു പ്രവര്‍ത്തകരെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും കാണുമ്പോള്‍ ഇപ്പോള്‍ ആദ്യം ചോദ്യം എങ്ങനെയാ, എങ്ങോട്ടാ ഇത്തവണയെന്നാണ്, വാര്‍ഡാണോ, ബ്ലോക്കാണ് അതോ ജില്ലാ പഞ്ചായത്തോ? ആദ്യം നറുക്കെടുക്കട്ടെ എന്നാണ് എല്ലാവരുടെയും മറുപടി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ സംവരണം ഒക്ടോബര്‍ 13 മുതല്‍ 21 വരെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. ഗ്രാമ പഞ്ചായത്ത് വാര്‍ഡ് സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 16 വരെയും മുന്സിപ്പാലിറ്റികളുടേത് 16നുംബ്ലോക്ക് പഞ്ചായത്തുകളുടേത് 17 നും ജില്ലാ പഞ്ചായത്തിലേത് 21 നും നടത്തും.
2015, 2020 വര്‍ഷങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തുടരെ സംവരണമുണ്ടായിരുന്ന വാര്‍ഡുകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കും. പുനര്‍വിഭജനത്തിലൂടെ പുതുതായി രൂപീകരിച്ച വാര്‍ഡില്‍ നിലവിലുള്ള സംവരണ വാര്‍ഡിലെ 50 ശതമാനത്തില്‍ കൂടുതല്‍ ജനസംഖ്യയുണ്ടെങ്കില്‍ അത് സംവരണ വാര്‍ഡായി കണക്കാക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങള്‍ക്കാണ് സംവരണം.
സ്ത്രീകള്‍ക്ക് ഓരോ തദ്ദേശ സ്ഥാപനത്തിലും 50 ശതമാനവും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യയ്ക്ക് ആനുപാതികമായുമാണ് സംവരണം നിശ്ചയിക്കുക. പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റുകളില്‍ 50 ശതമാനം ഇതേ വിഭാഗത്തിലെ സ്ത്രീകള്‍ക്കായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ വാര്‍ഡ് സംവരണ നറുക്കെടുപ്പിന്റെ ചുമതല ജില്ലാ കളക്ടര്‍ക്കായിരിക്കും.
നഗരസഭകളില്‍ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും കോര്‍പ്പറേഷനുകളില്‍ തദ്ദേശവകുപ്പ് അര്‍ബന്‍ ഡയറക്ടറുമാണ് സംവരണം നിശ്ചയിക്കുക. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റ്, ചെയര്മാന്, മേയര്‍ പദവി ഏതു വിഭാഗത്തിന് എന്നതില്‍ തിരുവനന്തപുരം ഇലക്ഷന് കമ്മീഷന് ഓഫീസിലായിരിക്കും നറുക്കെടുപ്പ് നടത്തുക.